രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയാണ് കേരളാ പോലീസ് : മുഖ്യമന്ത്രി.



264 പോലീസ് ഉദ്യോഗസ്ഥർക്ക് മെഡലുകൾ വിതരണം ചെയ്തു

രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയായാണ് കേരളാ പോലീസ് പൊതുവേ അംഗീകരിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സംവിധാനത്തിൽ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായ ഘട്ടമാണ് കഴിഞ്ഞ എട്ടര വർഷക്കാലത്തെ സർക്കാരിന്റെ ഭരണമെന്നും ഇക്കാലയളവിൽ രാജ്യത്തെ ഏറ്റവും മികച്ച സേന എന്ന നിലയിലേക്ക് കേരളാ പോലീസിനെ പരിവർത്തിപ്പിക്കാൻ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ കേരളാ പോലീസിന്റെ 68-ാ മത് രൂപീകരണ വാർഷികദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനവും 2024ലെ മികച്ച സേവനം നടത്തിയ 264 പോലീസ് ഉദ്യോഗസ്ഥർക്കുള്ള മെഡലുകളുടെ വിതരണവും നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കാൻ പോലീസിനെ ഫലപ്രദമായി ഉപയോഗിച്ചു. വർഗീയ സംഘർഷങ്ങൾ ഒന്നുംതന്നെ കഴിഞ്ഞ എട്ടര വർഷത്തിനിടയിൽ സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ആർക്കും ഏത് സമയവും ആശ്രയിക്കാവുന്ന, പ്രശ്നപരിഹാരത്തിനായി നിർഭയമായി കടന്നുചെല്ലാവുന്ന ഇടമായി കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ മാറി. സംസ്ഥാനത്തെ ഭൂരിപക്ഷം പോലീസ് സ്റ്റേഷനുകളും വനിതാ – വയോജന - ശിശുസൗഹൃദമായി.
സാമ്രാജ്യത്വ ഭരണകാലത്തെ മനോഘടനയിൽ നിന്നും മുക്തമായി ഒരു ജനകീയ സേന എന്ന നിലയിലേക്കുള്ള കേരളാ പോലീസിന്റെ പരിവർത്തനമാണ് കഴിഞ്ഞ 68 വർഷം കൊണ്ട് ഉണ്ടായിട്ടുള്ളത്. പ്രളയകാലത്തും മറ്റ് പ്രകൃതിദുരന്തങ്ങളുടെ കാലത്തും സേന നടത്തിയ ഇടപെടലുകൾ പോലീസിനെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിൽ വലിയ മാറ്റം വരുത്തി. കുറ്റാന്വേഷണ മികവിൽ കേരളാ പോലീസിന് പകരംവെയ്ക്കാൻ രാജ്യത്ത് മറ്റൊരു സേനയില്ല. ഒരിക്കലും തെളിയില്ലെന്നു കരുതിയ നിരവധി കേസുകൾ സേന തെളിയിച്ചു. സംസ്ഥാനത്തിനകത്തു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽ പോയി വരെ പ്രതികളെ പിടികൂടുന്നു. ഇതെല്ലാം കേരളാ പോലീസിന്റെ കുറ്റാന്വേഷണ മികവ് വ്യക്തമാക്കുന്നുണ്ട്.
കുറ്റാന്വേഷണത്തിൽ ആധുനിക സാങ്കേതികവിദ്യ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുന്ന സേനയും കേരളാ പോലീസാണ്. ഇന്റർനെറ്റും ഫൈബർ കണക്ടിവിറ്റിയും ഇല്ലാത്ത ഒറ്റ പോലീസ് സ്റ്റേഷനും നിലവിൽ കേരളത്തിലില്ല. ഭീകരാക്രമണത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകളെ നിശ്ചലമാക്കാനുള്ള തനതുസാങ്കേതികവിദ്യ വരെ ഇന്ന് കേരളാ പോലീസിനുണ്ട്. സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ രംഗത്ത് കേരളാ പോലീസ് ആർജിച്ച മികവിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ നേതൃത്വത്തിൽ ഇതിനായി നിരവധി ബോധവൽക്കരണ പരിപാടികളാണ് നടത്തിവരുന്നത്. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ '1930' എന്ന നമ്പറിൽ അറിയിക്കണമെന്ന പ്രചാരണത്തിന് മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.

 ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യന്നതിനുള്ള വെബ് പേർട്ടലിൽ ഈ വർഷം സെപ്റ്റംബർ 30 വരെ 31,107 പരാതികളാണ് ലഭിച്ചത്. തട്ടിപ്പുകാർ അപഹരിച്ച തുകയിൽ 79.81 കോടി രൂപ തിരിച്ചുപിടിക്കാൻ കഴിഞ്ഞുവെന്നും തട്ടിപ്പിനായി ഉപയോഗിച്ചുവന്ന 32,807 അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കേരളാ പോലീസിൽ വനിതകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുകയെന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിതനയമാണ്. ഈ ലക്ഷ്യത്തിലേക്ക് സർക്കാർ വളരെവേഗം അടുത്തുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് കേരളാ പോലീസ് സേനയിൽ ഉണ്ടാകുന്ന ഒഴിവുകളിൽ പത്തു ശതമാനം വനിതകൾക്ക് മാത്രമായി നീക്കിവക്കാൻ സർക്കാർ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗ്രൗണ്ടിൽ നടന്ന പോലീസ് പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. കേരള പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹേബും മറ്റു ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന, കെ.എ.പി. II ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് പ്രമോദ് വി തുടങ്ങിയവർ പരേഡിന് നേതൃത്വം നൽകി.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023