കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.
കണ്ണൂർ : രണ്ടരപതിറ്റാണ്ട് സൗദി അറേബ്യയിലെ റിയാദ് അൽ ഖർജിൽ പ്രവാസിയായി ജീവിതം നയിക്കവെ ഇപ്പോൾ രോഗം പിടിപെട്ട് അവശനിലയിലായ കൊല്ലം ജില്ലയിലെ പള്ളിമുക്ക് സ്വദേശിയായ അഷ്റഫിനെ വേണ്ടന്ന് ഭാര്യയും മകളും. സൗദി അൽ ഖർജിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു കുട്ടിയം മക്കാനകത്ത് വീട്ടിൽ അഷ്റഫ്. നീണ്ട ഇരുപത്തിയെട്ടു വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ അദ്ദേഹത്തിന് അസുഖം പിടിപെട്ടത് തുടർന്ന് ഒരു കാല് മുട്ടിന് മുകളിൽ നിന്നും മുറിച്ചു മാറ്റപ്പെടുകയും ചെയ്തു. കാല് നഷ്ടപ്പെട്ടതോട് കൂടി അഷ്റഫിൻ്റെ ദൈനംദിന ജീവിതം തന്നെ തകരാറിലാകുകയും ഇദ്ദേഹത്തിൻ്റെ വേദനിക്കുന്ന ജീവിതം മനസ്സിലാക്കിയ കെ.എം സി.സി അൽ ഖർജ് കമ്മറ്റി ഇടപെടുകയും സഹായത്തിനെത്തുകയുമായിരുന്നു. കെ.എം.സി.സിയുടെ നേതാക്കൾ കുടുംബവുമായി ബന്ധപ്പെട്ട് ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറാകാതെ വന്നപ്പോൾ ഇനി ഇദ്ദേഹത്തെ ആര് സംരക്ഷിക്കുമെന്ന് അന്വേഷിച്ചു നടക്കുന്ന വേളയിലാണ് കണ്ണൂർ ജില്ലയിലെ എളയാവൂർ സി.എച്ച് സെൻ്ററിനെ കുറിച്ച് അറിയുന്നത്. തുടർന്ന് കെ.എം.സി.ഭാരവാഹികൾ മട്ടന്നൂർ പി.ടി.എച്ച്. ചീഫ് കോർഡിനേറ്റർ അബൂട്ടി ശിവപുരം മുഖാന്തിരം എളയാവൂർ സി.എച്ച് സെൻ്ററിനെ സമീപിക്കുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ സംരക്ഷണം ഏറ്റെടുക്കാമെന്ന് കെ.എം.സി.സി ക്ക് ഉറപ്പ് നൽകുകയും ചെയ്തു. ഇന്ത്യൻ എംബസിയുടെയും കെ.എം.സി.സിയുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിൽ കഴിഞ്ഞ ദിവസം രാത്രി അഷ്റഫിനെ റിയാദിൽ നിന്നും കണ്ണൂർ എയർപോർട്ടിലെത്തിക്കുകയും തുടർന്ന് മട്ടന്നൂർ പി.ടി.എച്ച് ഭാരവാഹികൾ എളയാവൂർ സി.എച്ച് സെൻ്ററിലെത്തിച്ചു. ഇനി ശിഷ്ടകാലം ഇദ്ദേഹം ഇവിടെ ജീവിക്കും. 1997 ലാണ് അഷ്റഫ് റിയാദിലെത്തിയത്. അൽഖർജിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് ഇത്രയും കാലം സ്വന്തം സ്പോൺസറെ കാണാതായതിനാൽ താമസ രേഖകൾ ശരിയാക്കാൻ സാധിച്ചിരുന്നില്ല. 2007 ന് ശേഷം പാസ്പോർട്ട് പുതുക്കുകയും ചെയ്തില്ല. പതിനൊന്നാം വയസിൽ നാടു വിട്ട് ബോംബയിൽ പോയ ഇദ്ദേഹം വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തുകയും ചെയ്തു. ബാപ്പയും ഉമ്മയും മരണപ്പെട്ടതിനെ തുടർന്ന് പൊന്നാനി സ്വദേശിനിയെ വിവാഹം ചെയ്തു. പുതിയ കുടുംബ ജീവിതത്തിനിടയിൽ ഭാര്യ വീട്ടിലെ മേൽവിലാസത്തിൽ അദ്ദേഹം പാസ്പോർട്ട് എടുക്കുകയായിരുന്നു. ഒരു മകൾ പിറന്നതിന് ശേഷം അഷ്റഫ് സൗദിയിലേക്ക് എല്ലാ സ്വപ്നങ്ങളും മനസിൽ വെച്ച് വിമാനം കയറി. ആദ്യമൊക്കെ കുടുംബവുമായി ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഒടുവിൽ സ്പോൺസറെ കാണാതായപ്പോൾ ജീവിതം താളം തെറ്റാൻ തുടങ്ങി. എല്ലാ സ്വപ്നങ്ങളും ചീട്ടു കൊട്ടാരം പോലെ തകർന്നടിയുകയുകയായിരുന്നു. പിന്നീടുള്ള വർഷങ്ങൾ കഴിയുന്നതിറിയാതെ റിയാദിലെ അൽ ഖർജിൽ പലരുടെ കീഴിലും ഇക്ട്രീഷ്യനായി ജോലി ചെയ്തു വന്നു. ഒരു രേഖയുമില്ലാതെ അധികൃതരെ പേടിച്ചു കൊണ്ട് ജീവിതം തള്ളി നീക്കുന്നതിനിടയിൽ രോഗം പിടിപെടാനും തുടങ്ങി. പ്രമേഹം മൂർഛിച്ച് കാലിന് വലിയ വൃണമായി മാറി ഒടുവിൽ ഡോക്ടർമാർ കാല് മുറിച്ചു കളയണമെന്ന് പറഞ്ഞപ്പോൾ അഷ്റഫ് ആകെ തളർന്നു പോയി. അഷ്റഫിൻ്റെ വേദനിക്കുന്ന ജീവിതമറിഞ്ഞ് കെ.എം.സി.സി പ്രവർത്തകർ അൽ ഖർജിലെ ഇദ്ദേഹത്തിൻ്റെ താമസ സ്ഥലത്ത് എത്തുകയും ഇദ്ദേഹത്തിൻ്റെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തു.കാലവധിയുള്ള രേഖകൾ ഇല്ലാത്തതിനാൽ ഹോസ്പിറ്റലിൽ കിടത്തി ചികിത്സിക്കാൻ സാധ്യമായിരുന്നില്ല. തുടർന്ന് അൽ ഖർജ് കെ.എം.സി.സി ജനറൽ സിക്രട്ടറി ഷബീബ് കൊണ്ടോട്ടി, വെൽഫെയർ വിംഗ് ചെയർമാൻ മുഹമ്മദ് പുന്നക്കാട് എന്നിവരുടെ ഇടപെടലിനെ തുടർന്ന് കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും ഇവിടെ വെച്ച് അഷ്റഫിൻ്റെ വലതു കാല് മുറിച്ചു മാറ്റുകയും ചെയ്തു. ഒരു മാസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം കെ.എം.സി.സി ഒരു റൂം വാടകക്കെടുത്ത് ഇദ്ദേഹത്തെ പരിചരിച്ചു വന്നു. ഇദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും എംബസിയിൽ നിന്നും ഔട്ട് പാസ് ലഭിച്ചുവെങ്കിലും വർഷങ്ങളായി ഇഖാമ പുതുക്കാത്തതിനാൽ 16200 റിയാൽ പിഴ ചുമത്തിയതിനാൽ നാട്ടിലേക്ക് പോകാനുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹത്തിന് തടസ്സമായി വന്നു. പിന്നീട് ഇന്ത്യൻ എംബസിയുടെ ഇടപെടലിന് ശേഷം പിഴ ഒഴിവാക്കുകയും ചെയതു. നാട്ടിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഇദ്ദേഹത്തെ സ്വീകരിക്കാൻ പൊന്നാനിയിലുള്ള ഭാര്യയേയും മകളെയും ബന്ധപ്പെട്ടു അവർ സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്ന് കൊല്ലത്തുള്ള ബന്ധുക്കളെ അന്വേഷിച്ചു നടന്നു പക്ഷെ അവരേയും കണ്ടെത്തിയില്ല. എല്ലാമറിഞ്ഞ അഷ്റഫ് ആകെ തളർന്ന അവസ്ഥയിലായിരുന്നു. ഇനി എന്തു ചെയ്യണമെന്നിരിക്കെയാണ് നിർദ്ധനർക്കും നിരാലാംബർക്കും ആശ്രയമേകുന്ന കണ്ണൂർ ജില്ലയിലെ എളയാവൂർ സി.എച്ച് സെൻ്ററിനെ കുറിച്ചറിയുന്നത്. ഇവിടെ അദ്ദേഹത്തെ സ്വീകരിക്കാമെന്നറിഞ്ഞപ്പോൾ കെ.എം.സി.സി പ്രവർത്തകർക്ക് ഏറെ സന്തോഷമായി ഒപ്പം നൊമ്പരപ്പെട്ടു കൊണ്ടിരുന്ന അഷ്റഫിൻ്റെ മനസ്സിനും കുളിർമയേകി. കെ.എം.സി.സി യുടെ ചിലവിൽ കഴിഞ്ഞ ദിവസം റിയാദ് ഏർപ്പോർട്ടിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനത്തിൽ നീണ്ട ഇരുപത്തെട്ടു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി അഷ്റഫ് കഴിഞ്ഞ ദിവസം രാത്രി പത്തു മണിക്ക് മട്ടന്നൂർ എയർപോർട്ടിലിറങ്ങി. ഇവിടെ ഇദ്ദേഹത്തെ സ്വീകരിക്കാൻ മട്ടന്നൂർ പി.ടി.എച്ച് ജനറൽ കൺവീനർ ഹാശിം നീർവേലി, ചീഫ് കോഡിനേറ്റർ അബൂട്ടി മാസ്റ്റർ ശിവപുരം, റിയാദ് കെ.എം.സി.സി കണ്ണൂർ ജില്ലാ സിക്രട്ടറി ലിയാഖത്തലി നീർവേലി, സൗദി തുഖ്ബ കെ.എം.സി.സി പ്രതിനിധി ഹർഷാദ് കെ.എൻ , ദുബൈ കെ.എം.സി.സി പ്രതിനിധി റാഷിദ് യു, മട്ടന്നൂർ മണ്ഡലം യൂത്ത് ലീഗ് സിക്രട്ടറി ഫസൽ വി.പി എന്നിവർ എത്തിച്ചേർന്നിരുന്നു. മട്ടന്നൂർ എയർപോർട്ടിലും ഇദ്ദേഹത്തിൻ്റെ ഔട്ട് പാസുമായി ബന്ധപ്പെട്ട് നൂലാമാലകളുണ്ടായിരുന്നു. ഒടുവിൽ കണ്ണൂർ എയർ പോർട്ട് എ.എസ്.ഐ രാജീവൻ ഇടപെടുകയും തുടർന്ന് രാത്രി പന്ത്രണ്ട് മണിയോടെ അഷ്റഫിനെ ഇവർ എളയാവൂർ സി.എച്ച്. സെൻ്ററിലെത്തിച്ചു. സി.എച്ച്. ഹോസ്പിറ്റലിലെ വൈദ്യ പരിശോധനകൾക്ക് ശേഷം സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടറി കെ.എം.ഷംസുദ്ദീൻ്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ജീവനക്കാർ അഷ്റഫിനെ സ്വീകരിച്ചു. ഇനിയുള്ള കാലം അഷ്റഫിൻ്റെ ജീവിതം എളയാവൂർ സി.എച്ച് സെൻ്ററിലായിരിക്കും. ഇത്തരം ഒരുപാട് പേർ സി.എച്ച്. സെൻ്ററിൻ്റെ അകത്തളങ്ങളിൽ സന്തോഷത്തോടെ ജീവിച്ചു പോരുന്നു അവരോടൊപ്പം ഒരു കുടുമ്പാഗമായി അശ്റഫ് ഇനി ജീവിക്കും.
Comments