കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023






കണ്ണൂർ : മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി കോര്‍പ്പറേഷനില്‍ സ്ഥാപിച്ച ക്യാമറ ശൃംഖലയുടെ ഉദ്ഘാടനം മേയര്‍ അഡ്വ.ടി ഒ മോഹനന്‍റെ അധ്യക്ഷതയില്‍
ഇ ടി മുഹമ്മദ് ബഷീര്‍ എം പി നിര്‍വ്വഹിച്ചു. ക്യാമറ ശൃംഖലക്ക് Eye24 എന്ന നാമകരണവും എം.പി നിർവഹിച്ചു. കോര്‍പ്പറേഷന്‍ ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ് ഉപയോഗിച്ചാണ് 2 കോടി രൂപ ചെലവില്‍ 80 ലൊക്കേഷനുകളിലായി 90 ക്യാമറകള്‍ സ്ഥാപിച്ചത്. സോളാര്‍ എനര്‍ജി ഉപയോഗിച്ചാണ് ക്യാമറകള്‍ പ്രവര്‍ത്തിക്കുക. വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3
ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്.
ഇതിന്‍റെ വിശദമായ പദ്ധതി രേഖ തയ്യാറാക്കിയത് ഡോ.പി സൂരജിന്‍റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ ടീമാണ്.
നിക്ഷാന്‍ ഇലക്ട്രോണിക്സാണ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തത്. 6 മാസം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്. ക്യാമറ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനായി കോര്‍പ്പറേഷന്‍ ഓഫീസില്‍ രണ്ടു മോണിറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം ഇതിനായി സ്ഥാപിച്ച സര്‍വ്വര്‍ റൂമിലും കൃത്യമായ നിരീക്ഷണം നടക്കും. മാലിന്യ നിക്ഷേപകരെ കണ്ടുപിടിക്കുന്നതിന് പുറമേ പോലീസിന് ക്രമസമാധാന പാലനത്തിന് കൂടി ക്യാമറകള്‍ സഹായകമാകും. പരിപാടിയിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി, കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷമീമ ടീച്ചര്‍, എം പി രാജേഷ്, അഡ്വ.പി ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, ടി രവീന്ദ്രൻ, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ടി മണികണ്ഠകുമാര്‍, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി പി വല്‍സന്‍, കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസര്‍ ഡോ.പി സൂരജ് തുടങ്ങിയവര്‍ സംസാരിച്ചു.

കോര്‍പ്പറേഷന്‍റേത് മാലിന്യമുക്ത സമൂഹത്തിലേക്കുള്ള വലിയ ചുവട് വെപ്പ് -ഇ ടി മുഹമ്മദ് ബഷീര്‍ എം പി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍റേത് മാലിന്യമുക്ത സമൂഹത്തിലേക്കുള്ള വലിയ ചുവട് വെപ്പാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ സി സി ടി വി ശൃംഖലയായ Eye24 ന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യമുക്ത സമൂഹത്തിനായി ജനങ്ങള്‍ മുന്നോട്ട് വരണം.ഇതിനായി ഓരോ വ്യക്തിയും തീരുമാനം എടുക്കണം. ഇത് വിജയിച്ചാല്‍ രാജ്യത്തിന് തന്നെ മാതൃകയാകുന്ന പദ്ധതിയായി ഇതിനെ മാറ്റാന്‍ കഴിയും. പദ്ധതി നടപ്പിലാക്കുക മാത്രമല്ല അത് നിലനിര്‍ത്തിപ്പോകുക എന്നതും വെല്ലുവിളിയാണ്. അതുകൂടി കണ്ടുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ധാര്‍മ്മികമായി കൂടി പ്രസക്തിയുള്ള കാര്യമാണ് കോര്‍പറേഷന്‍ ചെയ്തത്. ഞാന്‍ പെരിങ്ങളം എം എല്‍ എ ആയിരിക്കുമ്പോഴാണ് പ്ലാസ്റ്റിക്കിനെതിരെ നിയമസഭയില്‍ ആദ്യമായി സബ്മിഷന്‍ കൊണ്ടുവന്നത്. അന്ന് പലരും എതിര്‍ത്തിരുന്നു. ഇന്ന് പ്ലാസ്റ്റിക് മാലിന്യം വലിയൊരു ഭീഷണിയായി നമ്മുടെ മുന്നിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

- അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.