മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി കടന്നുകളയാൻ ശ്രമിച്ച യുവാവിനെ സാഹസികമായി പിടികൂടി തലശ്ശേരി എക്സൈസ്.
കണ്ണൂർ : വ്യാഴാഴ്ച അർദ്ധരാത്രി 12 മണിയോടടുപ്പിച്ചു രാത്രികാല പട്രോളിംഗ് നടത്തിവരികയായിരുന്ന എക്സൈസ് പാർട്ടിയുടെ കണ്ണു വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ തലശ്ശേരി എക്സൈസ് പിന്തുടർന്ന് ഓടി പിടിച്ചു. തലശ്ശേരി കടൽ പാലം പരിസരത്തു വെച്ചാണ് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ഷാഹിൻ ഷബാബ് സി.കെ (25) നെയാണ് എം ഡിഎംഎയും കഞ്ചാവുമായി തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. ടി സുബിൻരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽ നിന്നും 7.3ഗ്രാം കഞ്ചാവും, 2.9 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം തലശ്ശേരി ജെ.എഫ്സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ തലശ്ശേരി സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡ് ചെയ്തു. തലശ്ശേരി, മുഴപ്പിലങ്ങാട്, മാഹി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ഇയാളെ ചോദ്യം ചെയ്തതിൽ 4,5 മാസങ്ങൾക്ക് മുമ്പ് ബാംഗ്ലൂരിൽ പോയി എം ഡി എം എ വാങ്ങിച്ചിട്ടുണ്ടെന്നു മൊഴി നൽകിയിട്ടുണ്ട്. കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ എക്സൈസ് ശ്രമം ആരംഭിച്ചു. 10 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസ് കണ്ടെടുത്ത എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സുരേഷ് പി ഡി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് സുധീർ വാഴവളപ്പിൽ, പ്രിവൻ്റിവ് ഓഫീസർമാരായ ലെനിൻ എഡ്‌വേർഡ്, ബൈജേഷ് കെ, സിവിൽ എക്സൈസ് ഓഫീസർ സരിൻരാജ് കെ എന്നിവർ ഉണ്ടായിരുന്നു.
Comments