പാലക്കാട്ടെ കൊട്ടിക്കലാശം അവസാനിച്ചു; നാളെ നിശബ്ദ പ്രചാരണം; മറ്റന്നാൾ പാലക്കാടൻ ജനതയുടെ വിധിയെഴുത്ത്
പാലക്കാട്: ആവേശം വാരി വിതറിയ കലാശക്കൊട്ടോടെ പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണത്തിലേക്ക് കടക്കും. മൂന്നു മുന്നണികളുടെയും ആയിരക്കണക്കിന് പ്രവർത്തകരാണ് കലാശക്കൊട്ടിൽ പങ്കെടുത്തത്. വൈകുന്നേരം നാലോടെ ബിജെപിയുടെയും യുഡിഎഫിന്റെയും എൽഡിഎഫിന്റെയും റോഡ് ഷോ ആരംഭിച്ചിരുന്നു.
മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകരാൽ പാലക്കാട്ടെ വീഥികളെല്ലാം നിറഞ്ഞിരുന്നു. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഒലവക്കോട് നിന്നാണ് ആരംഭിച്ചത്. നീല ട്രോളി ബാഗുമായിട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ കലാശക്കൊട്ടിനെത്തിയത്. സന്ദീപ് വാര്യരും രമേശ് പിഷാരടിയും റോഡ്ഷോയില്‍ രാഹുലിനൊപ്പം പങ്കെടുത്തു.
എൽഡിഎഫ് സ്ഥാനാർഥി ഡോ.പി.സരിന്റെ റോഡ്ഷോ വൈകുന്നേരം നാലോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ചു. പി.സരിനൊപ്പം എം.ബി.രാജേഷും റോഡ്ഷോയിൽ പങ്കെടുത്തു. ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ റോഡ് ഷോ മേലാമുറി ജംഗ്ഷനിൽ നിന്നുമാണ് ആരംഭിച്ചത്.
സി.കൃഷ്ണകുമാറിനൊപ്പം ശോഭ സുരേന്ദ്രൻ, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും റോഡ്ഷോയിൽ പങ്കെടുത്തു. ഇനിയുള്ള മണിക്കൂറുകളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള നീക്കത്തിലായിരിക്കും സ്ഥാനാർഥികൾ.
Comments