അനധികൃത മത്സ്യബന്ധനം; ബോട്ട് പിടിച്ചെടുത്ത് പിഴചുമത്തി; ഇത്തരം അശാസ്ത്രീയ മത്സ്യബന്ധനരീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി തുടര്‍ന്നും സ്വീകരിക്കും.
തൃശൂർ : കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് ചെറുമത്സ്യങ്ങള്‍ പിടിച്ചും, നിയമാനുസൃതമല്ലാത്ത രീതിയില്‍ ലൈറ്റുകള്‍ ഉപയോഗിച്ചും മത്സ്യബന്ധനം നടത്തിയ മത്സ്യബന്ധന ബോട്ട് ഫിഷറീസ് - കോസ്റ്റല്‍ പോലീസ് - മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥ സംയുക്ത സംഘം പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് പാലിക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം ജില്ലയില്‍ പള്ളിപ്പുറം ദേശത്ത് പനക്കല്‍ വീട്ടില്‍ ക്ലീറ്റസ് മകന്‍ ഔസ്സോ എന്നയാളുടെ ഉടമസ്ഥതയിലുള്ള 'വ്യാകുലമാതാ' എന്ന മത്സ്യബന്ധന ബോട്ടാണ് ചെറുമത്സ്യങ്ങള്‍ പിടിച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തത്.
നിയമപരമായ അളവില്‍ അല്ലാതെ കണ്ട (12 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള) ഏകദേശം 4000 കിലോ കിളിമീന്‍ ഇനത്തില്‍പ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാര്‍ബറുകളിലും ഫിഷ് ലാന്‍ഡിങ്ങ് സെന്ററുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ് പോളിന്റെയും അഴിക്കോട് കോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എ അനൂപിന്റെയും നേതൃത്വത്തില്‍ നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷന്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്.
ഭക്ഷ്യയോഗ്യമായ 58 ഇനം കടല്‍ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാല്‍ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ച്‌വരുന്നതിനിടയിലാണ് ബോട്ട് പിടികൂടിയത്. തൃശ്ശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് 2,50,000 പിഴ സര്‍ക്കാരിലേക്ക് ഈടാക്കി. ഉപയോഗയോഗ്യമായ 1,51,000 രൂപയുടെ മത്സ്യം ലേലം ചെയ്ത് തുക ട്രഷറിയില്‍ അടപ്പിച്ചു. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലില്‍ ഒഴുക്കിക്കളഞ്ഞു.
കോസ്റ്റല്‍ പോലീസ് എസ്.ഐ ബാബു പി.പി, എഎസ്‌ഐ ബനീഷ്‌ക്ക്, സിപിഒ അരവിന്ദ് സി.ബി, എഎഫ്ഇഒ സംന ഗോപന്‍, മെക്കാനിക്ക് ജയചന്ദ്രന്‍, മറൈന്‍ എന്‍ഫോഴ്‌സ് ആന്റ് വിജിലന്‍സ് വിങ്ങ് വിഭാഗം ഓഫീസര്‍മാരായ പ്രശാന്ത്കുമാര്‍ വി.എന്‍, ഷിനില്‍കുമാര്‍ ഇ.ആര്‍, ഷൈബു വി.എം, സീറെസ്‌ക്യൂ ഗാര്‍ഡുമാരായ പ്രസാദ്, അന്‍സാര്‍ എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമില്‍ ഉണ്ടായിരുന്നത്.
ഇത്തരം അശാസ്ത്രീയ മത്സ്യബന്ധനരീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി തുടര്‍ന്നും സ്വീകരിക്കുമെന്നും വരും ദിവസങ്ങളില്‍ എല്ലാ ഹാര്‍ബറുകളിലും ഫിഷ് ലാന്‍ഡിങ്ങ് സെന്ററുകളിലും സ്‌പെഷല്‍ ടാസ്‌ക് സ്‌ക്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്ന് തൃശ്ശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ മജീദ് പോത്തനൂരാന്‍ അറിയിച്ചു.
Comments