ലോക് സഭാ ഉപതിരഞ്ഞെടുപ്പിന് സജ്ജം; വയനാട് ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ ഇതു വരെ നടത്തിയ പരിശോധനകളിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന ഇരുപത്തൊൻപത് ലക്ഷത്തോളം രൂപയും, തോക്കിൻ തിരകളും, എം.ഡി.എം.എ, മെത്താഫിറ്റമിൻ, ഹാഷിഷ് ഓയിൽ,കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.
കൽപ്പറ്റ: ലോകസഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലാ പോലീസിന്റെ മേൽനോട്ടത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ പരിശോധനകളും മറ്റും കർശനമാക്കി. ഇതിനായി പോലീസിനൊപ്പം പ്രവർത്തിക്കുന്നതിനായി കേന്ദ്ര സേനയും മറ്റു വകുപ്പുകളും സജീവമാണ്. കൂടാതെ ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളെ കൂടുതൽ കേന്ദ്രീകരിച്ച് പട്രോളിങ്, റൂട്ട് മാർച്ച്,സംസ്ഥാന അതിർത്തികളിൽ പിക്കറ്റ് പോസ്റ്റ് എന്നിങ്ങനെ വിവിധ ടീമുകളായാണ് പരിശോധന. ജില്ലയിൽ വിവിധയിടങ്ങളിലായി 29 സ്റ്റാറ്റിക് സർവൈല്ലൻസ് ടീമും, 15 ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡുകളും പ്രവർത്തിച്ചു വരുന്നുണ്ട്.
ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ ഇതു വരെ നടത്തിയ പരിശോധനകളിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന ഇരുപത്തൊൻപത് ലക്ഷത്തോളം രൂപയും, തോക്കിൻ തിരകളും, എം.ഡി.എം.എ, മെത്താഫിറ്റമിൻ, ഹാഷിഷ് ഓയിൽ,കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. പോലീസും കേന്ദ്രസേനയും (സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ് ) സംയുക്തമായി 26.10.2024 മുതൽ 25 ഓളം ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി റൂട്ട് മാർച്ച് നടത്തുകയും അതിർത്തികളിൽ ബോർഡർ സീലിംഗ് ഡ്യൂട്ടിയും ചെയ്തു വരുന്നുണ്ട്. ജില്ലാ സംസ്ഥാന അതിർത്തികളിലൂടെ അനധികൃതമായി പണം, സ്വർണം, ലഹരി എന്നിവ കടത്തുന്നത് കണ്ടെത്തുന്നതിനും പ്രത്യേക സംയുക്ത സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും എല്ലാ സ്റ്റേഷൻ പരിധികളിലും ജില്ലാ അതിർത്തികളിലും ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന കൂടുതൽ ഊർജിതമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു.
Comments