നവീൻ ബാബുവിൻ്റെ മരണം: ജില്ലാ കലക്ടർ ഒളിച്ചുകളി അവസാനിപ്പിക്കണം : അഡ്വ. മാർട്ടിൻ ജോർജ്ജ്. News
കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കലക്ടർ എന്തൊക്കെയോ മൂടി വെക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ പരസ്പര വിരുദ്ധമായ മൊഴികളിൽ വ്യക്തമാകുന്നതെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. തനിക്കു തെറ്റുപറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞതായി കലക്ടര്‍ അരുണ്‍ കെ വിജയന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയുള്ള വിധിന്യായത്തിന്റെ 34-ാം പേജിൽ കലക്ടറുടെ ഈ മൊഴി പരാമര്‍ശിക്കുന്നുമുണ്ട്. എന്നാൽ ഇത്തരമൊരു കൂടിക്കാഴ്ചയുടെ കാര്യം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴൊന്നും കലക്ടർ വെളിപ്പെടുത്തിയിട്ടില്ല.പോലീസിന് ഇത്തരമൊരു മൊഴി ബാഹ്യപ്രേരണയിൽ കലക്ടർ നൽകിയതാണോ എന്ന സംശയം ബലപ്പെടുകയാണ്. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തുന്ന കാര്യമുൾപ്പെടെ കലക്ടർക്ക് മുൻകൂട്ടി അറിയാമായിരുന്നു. സഹപ്രവർത്തകനെ ക്രൂരമായി അധിക്ഷേപിക്കാനുള്ള അവസരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് ഒരുക്കിക്കൊടുത്ത ജില്ലാ കലക്ടർ അരുൺ കെ.വിജയൻ സി പി എം നേതൃത്വത്തിൻ്റെ പ്രീതി നേടാൻ എന്തു വിടുപണിയും ചെയ്യാൻ തയ്യാറാണെന്ന മട്ടിൽ അമിത വിധേയത്വം പ്രകടിപ്പിക്കുകയാണ്.കലക്ടർക്ക് ഇക്കാര്യത്തിലൊന്നും മറച്ചു വെക്കാനില്ലെങ്കിൽ പോലീസിനു നൽകിയ മൊഴി എന്തു കൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ഫേസ്ബുക്കിൽ കുറിപ്പിടുമ്പോഴും പറയാതിരുന്നതെന്ന് വ്യക്തമാക്കണം - മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
Comments