റിസോർട്ട് മാനേജരിൽ നിന്നും ഗൂഗിൾ-പേ വഴി 75,000 രൂപ കൈക്കൂലി വാങ്ങിയ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറും ഏജന്റും വിജിലൻസ് പിടിയിൽ: പിടിയിലായത് സസ്‌പെൻഷൻ കഴിഞ്ഞ് തിരികെ ജോലിക്ക് കയറിയ അന്ന് തന്നെ.
ഇടുക്കി : റിസോർട്ട് മാനേജരിൽ നിന്നും ഗൂഗിൾ-പേ വഴി കൈക്കൂലി വാങ്ങിയ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറും ഏജന്റും വിജിലൻസ് പിടിയിൽ.
ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. മനോജിനെയും ഏജന്റായ ഡ്രൈവർ രാഹുൽ രാജിനെയും ഗൂഗിൾ-പേ വഴി 75,000 രൂപ കൈക്കൂലി വാങ്ങവേ ഇന്ന് (09.10.2024) വിജിലൻസ് ഡിജിറ്റൽ ട്രാപ്പ് ചെയ്തു.
ഇടുക്കി ജില്ലയിലെ മൂന്നാർ ചിത്തിരപുരത്തുള്ള റിസോർട്ട് പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് കഴിഞ്ഞ മാസം ഇരുപത്തി ഏഴാം തിയതി പരിശോധന നടത്തിയ ശേഷം ജില്ലാ മെഡിക്കൽ ഓഫീസറായ മനോജ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ ഒരു ലക്ഷം രൂപ കൈക്കൂലിയും റിസോർട്ടിന്റെ രേഖകളുമായി ഇക്കഴിഞ്ഞ ശനിയാഴ്ച ഡി.എം.ഒ. ഓഫീസിലെത്താൻ ആവശ്യപ്പെട്ടു. അതിൻപ്രകാരം മാനേജർ ഓഫീസിലെത്തിയപ്പോൾ കൈക്കൂലി തുകയായ ഒരു ലക്ഷം രൂപ കൂടുതലാണെന്നും കുറച്ചു നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് രേഖകൾ പരിശോധിച്ച ശേഷം കൈക്കൂലി തുക 75,000/- രൂപയായി കുറച്ച് നൽകുകയും ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഡോ. മനോജ് മാനേജരോട് ഏജന്റായി പ്രവർത്തിക്കുന്ന ഡ്രൈവർ രാഹുൽ രാജിന്റെ ഫോൺ നമ്പർ നൽകിയ ശേഷം അതിലേക്ക് കൈക്കൂലി തുക ഗൂഗിൾ-പേ ചെയ്യാനും ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ ഈ വിവരം ഇടുക്കി വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ഷാജു ജോസിനെ അറിയിക്കുകയും അദ്ധേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം സാങ്കേതികവിദ്യയുടെ സഹായത്താൽ തെളിവുകൾ ശേഖരിച്ച ശേഷം റിസോർട്ട് മാനേജർ പണം ഗൂഗിൾ-പേ വഴി ട്രാൻസ്ഫർ ചെയ്തയുടനെ ഇന്ന് (09.10.2024) ഇടുക്കി ജില്ലാ ഓഫീസറുടെ ഓഫീസിൽ വച്ച് ജില്ലാ മെഡിക്കൽ ഓഫീസറായ ഡോ. എൽ. മനോജിനെയും ചെമ്പകപാറയിൽ നിന്നും ഏജന്റായ ഡ്രൈവർ രാഹുൽ രാജിനെയും വിജിലൻസ് അറസ്റ്റ് ചെയ്യുകയാണുണ്ടായത്.
വിവിധ റിസോർട്ടുകളിലെ വിവിധ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇഷ്യു ചെയ്യുന്നതിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനും ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതി ആവശ്യമുണ്ട്. ഈ അധികാരം ദുരുപയോഗം ചെയ്ത് വിവിധ റിസോർട്ടുകളിൽ നിന്നും ജില്ലാ മെഡിക്കൽ ഓഫീസറായ മനോജ് പണം വാങ്ങിയിരുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇയാൾ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടയിൽ ആരോഗ്യ വകുപ്പിന് ലഭിച്ച പരാതിയിന്മേൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഡോ. മനോജിനെ ആരോഗ്യ വകുപ്പ് സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. തുടർന്ന് ഇയാൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സസ്പെൻഷൻ ഉത്തരവ് സ്റ്റേ വാങ്ങി ഇന്ന് (09.10.2024) രാവിലെ തിരികെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് ശ്യാം കുമാർ വിജിലൻസ് നടപടിരകൾക്ക് മേൽനോട്ടം വഹിച്ചു.
വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി-യെ കൂടാതെ പോലീസ് ഇൻസ്പെക്ടർമാറായ ഷിന്റോ.പി.കുര്യൻ, ഫിലിപ് സാം, പോലീസ് സബ് ഇൻസ്പെക്ടർമാരായ ബിജു വർഗ്ഗീസ്, .ഡാനിയൽ, സഞ്ജയ്, സ്റ്റാൻലി തോമസ്, ബിജു കുര്യൻ, പ്രമോദ്, സഞ്ചീവ്, ബേസിൽ പി ഐസക്, പോലീസ് ഉദ്ദ്യോഗസ്ഥരായ ഷിനോദ്, സന്ദീപ് ദത്തൻ, റഷീദ് എന്നിവരും ഉണ്ടായിരുന്നു..
Comments