കണ്ണൂർ ദസറ : ആറാം ദിനം 'ദോൽ ഭാജേ'യിലൂടെ ഡാൻഡിയ നൃത്തമാടി സായംപ്രഭയിലെ അമ്മമാർ.
കണ്ണൂർ ദസറയുടെ ആറാം ദിവസത്തെ പരിപാടികളിൽ തിങ്ങിനിറഞ്ഞ സദസിന്റെ കൈയ്യടി നേടി കണ്ണൂർ കോർപ്പറേഷന്റെ കീഴിലെ സായം പ്രഭാ വയോജന വിശ്രമകേന്ദ്രത്തിലെ അമ്മമാർ. 'ദോൽ ഭാജേ'യും, 'തീം തനാകെ' യും, 'ബാജേരെ ബാജെരെ'യും പാടി 65 വയസ്സുള്ള പ്രസന്ന മുതൽ 85 വയസ്സുള്ള സാവിത്രി വരെ ദസറ വേദിയിൽ ഡാൻഡിയ നൃത്തവുമായി ചുവടു വെച്ചപ്പോൾ അതിനൊപ്പം ആസ്വാദനവുമായി സദസ് ഒന്നാകെ നിറഞ്ഞ മനസ്സോടെ വൻ കയ്യടി നൽകി അമ്മമാർക്ക് പിന്തുണയും പ്രോത്സാഹനവുമായി ഒന്നിച്ചു ചേർന്നു.
തളികാവ് സായം പ്രഭ വയോജന കേന്ദ്രത്തിലെ കെയർ ടേക്കർ ആയ സജ്നാ നസീറാണ് ഒരാഴ്ച കാലത്തെ പരിശീലനം കൊണ്ട് 15 പേർ അടങ്ങുന്ന അമ്മമാരുടെ നൃത്ത സംഘത്തെ പരിശീലിപ്പിച്ചെടുത്തത്. നൃത്തസംഘം സ്റ്റേജിൽ നിറഞ്ഞാടുമ്പോൾ പിന്തുണയുമായി സദസ്സിനു മുന്നിൽ നിർദേശം നൽകിയ സജ്ന നസീറും നിറഞ്ഞ സദസ്സിന്റെ കയ്യടി നേടി.
Comments