മലയാള സിനിമയുടെയും നാടകലോകത്തിൻ്റേയും ചരിത്രത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത് : മുഖ്യമന്ത്രി.


തിരുവനന്തപുരം: കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമയുടെയും നാടകലോകത്തിൻ്റേയും ചരിത്രത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.
 മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം സന്ദേശം പൂർണമായും : 

മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ആ സുദീർഘമായ കലാജീവിതം സിനിമയിൽ മാത്രം ഒതുങ്ങിയിരുന്നില്ല. നാടകത്തിലും ടെലിവിഷനിലുമെല്ലാം ശ്രദ്ധേയമായ സംഭാവനകൾ അവർ അർപ്പിച്ചു. 
കവിയൂർ പൊന്നമ്മയുടെ കലാജീവിതം തളിരിട്ടതും വളർന്നതും കേരളത്തിൻ്റെ പുരോഗമന സാംസ്കാരിക മുന്നേറ്റത്തിൽ നിർണ്ണായക പങ്കു വഹിച്ച കെപിഎസി-യിലാണ്. തുടർന്ന് മറ്റു പല പ്രധാന നാടകസമിതികളിലും പ്രവർത്തിച്ച അവർ മൂലധനം, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ അക്കാലത്തെ ജനപ്രിയ നാടകങ്ങളിൽ അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
തുടർന്ന് അവർ വളരെ പെട്ടെന്നു തന്നെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി. ഒരഗത്ഭരായ സംവിധായകരുടെ സിനിമകളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അവർ തിളങ്ങി. തന്മയത്വത്തോടെ അവതരിപ്പിച്ച അമ്മവേഷങ്ങൾ മലയാളികളിൽ അവരോടുള്ള ആത്മബന്ധം സുദൃഢമാക്കി. നാലു തവണയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചത്. അവരുടെ അഭിനയ മികവിന് അടിവരയിടുന്ന നേട്ടമാണിത്.
മലയാള സിനിമയുടെയും നാടകലോകത്തിൻ്റേയും ചരിത്രത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. തൻ്റെ കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും. കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു.




• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023