സീതാറാം യെച്ചൂരിയുടെ നിര്യാണം സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും നികത്താനാവാത്ത നഷ്ടം : മുഖ്യമന്ത്രി ; കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തിരിച്ചടികൾ നേരിട്ട ഘട്ടങ്ങളിലെല്ലാം അടിപതറാതെ മറ്റു സഖാക്കൾക്ക് ആത്മവിശ്വാസം പകർന്നു.
തിരുവനന്തപുരം: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാർത്ത കേൾക്കുന്നത്. വിദ്യാർഥി പ്രസ്ഥാനത്തിൽനിന്ന് ഉയർന്നുവന്ന അദ്ദേഹം ഒൻപത് വർഷക്കാലം സി.പി.എമ്മിന്റെ ജനറൽ സെക്രട്ടറിയായി വൈഷമ്യമേറിയ രാഷ്ട്രീയ ഘട്ടങ്ങളിലൂടെ പാർട്ടിയെ നിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചന സന്ദേശം പൂർണമായും :
ധീരോദാത്തമായ ഒരു രാഷ്ടീയ ജീവിതത്തിനു തിരശ്ശീല വീണിരിക്കുന്നു. സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങൾക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.
അടിയന്തരവാസ്ഥയുടെ ഭീകരതയെ നിർഭയം നേരിട്ട വിപ്ളവകാരിയായ വിദ്യാർത്ഥിയിൽ നിന്നും രാജ്യമാകെ ബഹുമാനിക്കുന്ന സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവായി വളർന്ന സഖാവ് യെച്ചൂരിയുടെ ജീവിതം ഇന്ത്യൻ രാഷ്ടീയ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടുകളിലൊന്നാണ്. ധൈഷണികതയും നേതൃപാടവവും ഒരുപോലെ കൈമുതലായിരുന്ന സഖാവ് സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങി തന്നിൽ നിക്ഷിപ്തമായ ബഹുമുഖമായ ഉത്തരവാദിത്തങ്ങളെല്ലാം മികച്ച രീതിയിൽ നിർവഹിച്ചു.
കർഷകരുടേയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ രാഷ്ട്രീയ ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം സംഘപരിവാർ വർഗീയതയ്ക്കെതിരെ ഉയർന്ന ബഹുജനമുന്നേറ്റങ്ങളുടെ നേതൃനിരയിൽ നിലയുറപ്പിച്ചു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തിരിച്ചടികൾ നേരിട്ട ഘട്ടങ്ങളിലെല്ലാം അടിപതറാതെ മറ്റു സഖാക്കൾക്ക് ആത്മവിശ്വാസം പകർന്നു. പല ഘട്ടങ്ങളിലും ദേശീയ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് രൂപം നൽകുന്നതിൽ അദ്ദേഹം നിർണ്ണായകമായ പങ്കു വഹിക്കുകയുണ്ടായി.
സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണം സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ്. വ്യക്തിപരമായും വളരെ ദു:ഖകരമായ ഒരു സന്ദർഭമാണിത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അദ്ദേഹത്തെ സ്നേഹിക്കുന്ന അസംഖ്യം ഹൃദയങ്ങളുടെയും വേദനയിൽ പങ്കു ചേരുന്നു. സഖാവിന്റെ ഉജ്ജ്വല സ്മരണകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ലാൽ സലാം!
Comments