ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്പേസ് ഓഡിറ്റ് നടത്തണം: മന്ത്രി വീണാ ജോർജ് *രാത്രി കാലങ്ങളിൽ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ അനധികൃതമായി ആരും തങ്ങാൻ പാടില്ല, രാത്രി കാലങ്ങളിൽ പോലീസ് പട്രോളിംഗ് വ്യാപിപ്പിക്കും. ആശുപത്രിയ്ക്കുള്ളിൽ അനധികൃത കച്ചവടം അനുവദിക്കാൻ പാടില്ല.




മന്ത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജുകളുടെ ഉന്നതതല യോഗം ചേർന്നു

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്പേസ് ഓഡിറ്റ് നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, വകുപ്പ് മേധാവികൾ എന്നിവർ ചേർന്ന് സ്പേസ് ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കണം. സ്ഥാപന തലത്തിൽ പ്രിൻസിപ്പൽമാരും സംസ്ഥാന തലത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ഇത് ഉറപ്പാക്കണം. എല്ലാ മെഡിക്കൽ കോളേജുകളിലും സെക്യൂരിറ്റി, ഫയർ സേഫ്റ്റി, ഇലട്രിക്കൽ, ലിഫ്റ്റ് എന്നിവയുടെ സേഫ്റ്റി ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കി വരുന്നു. ഇത് കൂടാതെയാണ് ഡ്യൂട്ടി റൂം, പരിശോധനാ മുറി, റെസ്റ്റ് റൂം തുടങ്ങിയവ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കുന്നത്. അത്യാഹിത വിഭാഗത്തിൽ രണ്ട് പേരേയും വാർഡുകളിൽ ഒരാളേയും മാത്രമേ കൂട്ടിരിപ്പുകാരായി അനുവദിക്കുകയുള്ളൂ. രോഗികളുടെ വിവരങ്ങൾ കൃത്യമായി അറിയിക്കാനായി ബ്രീഫിംഗ് റൂം സജ്ജമാക്കിയിട്ടുണ്ടെന്ന് എല്ലാ സ്ഥാപനങ്ങളും ഉറപ്പാക്കേണ്ടതാണ്. ഡോക്ടർമാർ രോഗികളോട് കൃത്യമായി വിവരങ്ങൾ വിശദീകരിച്ച് നൽകണമെന്നും മന്ത്രി നിർദേശം നൽകി. മെഡിക്കൽ കോളേജുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ മെഡിക്കൽ കോളേജുകളും കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കണം. ജില്ലാ കളക്ടർ അധ്യക്ഷനായ കോഡ് ഗ്രേ സമിതിയിൽ പ്രിൻസിപ്പൽ, സൂപ്രണ്ട്, ആർഎംഒ, പിജി, ഹൗസ് സർജൻ പ്രതിനിധികൾ എന്നിവരുണ്ടാകും. സുരക്ഷ ഉറപ്പാക്കാൻ കൃത്യമായ ഇടവേളകളിൽ മോക് ഡ്രിൽ സംഘടിപ്പിക്കണം. പബ്ലിക് അഡ്രസ് സിസ്റ്റം, വാക്കി ടോക്കി, അലാറം എന്നിവ നിർബന്ധമായും സ്ഥാപിക്കണം. പ്രധാനയിടങ്ങളിൽ സിസിടിവി ഉറപ്പാക്കണം. പല മെഡിക്കൽ കോളേജുകളും സേഫ്റ്റി ഓഡിറ്റിന്റെ അടിസ്ഥാനത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. രാത്രി കാലങ്ങളിൽ പോലീസ് പട്രോളിംഗ് വ്യാപിപ്പിക്കും. ആശുപത്രിയ്ക്കുള്ളിൽ അനധികൃത കച്ചവടം അനുവദിക്കാൻ പാടില്ല.
രാത്രി കാലങ്ങളിൽ ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്ന വനിത ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. രാത്രിയിൽ സെക്യൂരിറ്റി നിരീക്ഷണം ശക്തമാക്കണം. രോഗികളോ കൂട്ടിരുപ്പുകാരോ ജീവനക്കാരോ അല്ലാതെ പുറത്ത് നിന്നുള്ള പാസില്ലാത്ത ഒരാളും രാത്രികാലങ്ങളിൽ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ തങ്ങാൻ പാടില്ല. അനധികൃതമായി കാമ്പസിനുള്ളിൽ തങ്ങുന്നവർക്കെതിരെ പോലീസിന്റെ സഹായത്തോടെ നടപടി സ്വീകരിക്കേണ്ടതാണ്. സെക്യൂരിറ്റി ജീവനക്കാർക്ക് പരിശീലനം ഉറപ്പാക്കണം. സുരക്ഷ ഉറപ്പാക്കാനായി ജീവനക്കാർക്ക് ഏകീകൃത നമ്പർ നൽകണം. ഫോൺ വഴി അലാറം പ്രവർത്തിപ്പിക്കാൻ പറ്റുന്ന സംവിധാനം സജ്ജമാക്കണം. തെരുവു നായകളുടെ ആക്രമണങ്ങളിൽ നിന്നും ജീവനക്കാർക്കും ആശുപത്രിയിലെത്തുന്നവർക്കും സംരക്ഷണം നൽകാൻ ജില്ലാ ഭരണകൂടവുമായി ചേർന്ന് പദ്ധതി തയ്യാറാക്കി നടപ്പിലാക്കണം. ആബുലൻസുകളുടെ അനധികൃത പാർക്കിംഗ് അനുവദിക്കില്ല. പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും ഉന്നയിച്ച വിഷയങ്ങളിൽ മെഡിക്കൽ കോളേജ് തലത്തിൽ പരിഹാരം കാണാനും മന്ത്രി നിർദേശം നൽകി.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജോ. ഡയറക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, പിജി ഡോക്ടർമാരുടേയും ഹൗസ് സർജൻമാരുടേയും പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023