ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം -മന്ത്രി ഒ.ആര്‍ കേളു
ഫെഡറലിസം-ബഹുസ്വരത-മതനിരപേക്ഷത തുടങ്ങിയ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഫെഡറല്‍ സംവിധാനത്തിലൂന്നിയ ഭരണസംവിധാനം ഭരണ ഘടന ഉയര്‍ത്തിപ്പിടിക്കുമ്പോഴും ഇത് പലപ്പോഴും വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ജനാധിപത്യം, മതേതരത്വം എന്നിവയ്ക്ക് വിള്ളലുണ്ടാവാതിരിക്കാനും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണം. ജാതി-മത വിശ്വാസത്തിന്റെ പേരില്‍ വേര്‍തിരിഞ്ഞ് നില്‍ക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ദോഷമാണ്. മണിപ്പൂരിലെ നിലയ്ക്കാത്ത കലാപങ്ങളും പട്ടികജാതി, പട്ടികവര്‍ഗ്ഗ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളും രാജ്യത്തിന്റെ വളര്‍ച്ചയെ പിറകോട്ട് നയിക്കും. ഇതിന് പരിഹാരം കാണാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സാമൂഹിക മാറ്റങ്ങള്‍ക്കും വേണ്ടിയായുള്ള പോരാട്ടമായിരുന്നു സ്വാതന്ത്ര്യ സമരം. സംസ്ഥാനത്ത് വിദ്യാഭ്യാസ-ആരോഗ്യ-സാമ്പത്തിക മേഖലകളില്‍ മികച്ച മുന്നേറ്റമാണ് ഉണ്ടായത്. സ്ത്രീകളുടെയും കുട്ടികളുടെയും പരിരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. ഭിന്നശേഷി വിഭാഗക്കാര്‍ക്ക് വലിയ പരിഗണനയാണ് നല്‍കുന്നത്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിന് മാതൃകാപരമായ പ്രവര്‍ത്തനം നടത്താനായിട്ടുണ്ട്. ജാതി-മത-കക്ഷി-രാഷ്ട്രീയത്തിന് അധീതമായി ഒറ്റക്കെട്ടായുള്ള രക്ഷാപ്രവര്‍ത്തനം അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. ജില്ലാ ഭരണ കൂടത്തോടൊപ്പം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.
എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ അഡ്വ. ടി സിദ്ദീഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍, എ.ഡി.എം കെ. ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റ് കളക്ടര്‍ എസ്.ഗൗതം രാജ് എന്നിവര്‍ പങ്കെടുത്തു
പരേഡില്‍ അഞ്ച് പ്ലാറ്റൂണുകള്‍
കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ അഞ്ച് പ്ലാറ്റൂണുകള്‍ പങ്കെടുത്തു. പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബിജു ആന്റണി കമാന്ററായ പരേഡില്‍ കേരള പോലീസ് ജില്ലാ ഹെഡ് ക്വാട്ടേഴ്സ് വിഭാഗം, ലോക്കല്‍ പോലീസ്, ലോക്കല്‍ പോലീസ് വനിതാ വിഭാഗം, എക്സൈസ്, ഫോറസ്റ്റ് എന്നീ പ്ലാറ്റൂണുകളാണ്പങ്കെടുത്തത്.
Comments