'പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ ചേര്‍ത്തുപിടിക്കുക' : സ്റ്റെപ്സ് വിത്ത് ദി മേയർ പദ്ധതി പ്രഖ്യാപനം നടത്തി.
കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ഐ എ എം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്റ്റെപ്സ് വിത്ത് ദി മേയർ' പദ്ധതിയുടെ പ്രഖ്യാപനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ ചേര്‍ത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസരംഗത്ത് മത്സരം വര്‍ദ്ധിക്കുന്ന ഇന്നത്തെ കാലത്ത് ഓരോ സ്കൂളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, കോസ്റ്റ് അക്കൗണ്ടന്‍സി കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നത്. അതോടൊപ്പം താൽപര്യമുള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് മുഖേനയും അവസരം നൽകുന്നതാണ്. ലോകത്ത് എവിടെ ചെന്നാലും ജോലി സധ്യതയുള്ള കോഴ്സുകൾ പഠിച്ച് കുട്ടികളെ ജീവിതലക്ഷ്യം നേടാൻ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യമെന്ന് മേയർ പറഞ്ഞു.എല്ലാ മേഖലകളിലും അവസരം ലഭിക്കുന്ന കോഴ്സാണ് അക്കൗണ്ടൻസി. ഈ മേഖലയിലെ താൽ പര്യമുള്ള കുട്ടികളെ എത്തിക്കുന്നതിന് സഹായിക്കയാണ് ഇത് വഴി ചെയ്യുന്നത്. കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിന് അന്താരാഷ്ട്ര തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നതിനും കോർപ്പറേഷൻ തയാറെടുക്കുകയാണെന്ന് മേയർ പറഞ്ഞു. കോർപ്പറേഷൻ്റെ അഭിമാന പദ്ധതിയായി ഇത് മാറുമെന്നും മറ്റ് മേഖലകൾക്ക് നൽകുന്ന അതേ പ്രാമുഖ്യം വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് കോർപ്പറേഷൻ നൽകുന്നുണ്ടെന്നും ആശംസകളർപ്പിച്ച് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരും പറഞ്ഞു. ഡെപ്യൂട്ടി മേയർ അഡ്വ.പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ പി.കെ രാഗേഷ്, , വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ , മുൻ ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, കൂക്കിരി രാജേഷ്, രവീന്ദ്രൻ ടി, എൻ ഉഷഎന്നിവർ ആശംസകളർപ്പിച്ചു. കൗൺസിലർമാരായ അഷ്റഫ് ചിറ്റുള്ളി പ്രകാശൻ പയ്യനാടൻ , ഉമൈബ, കൗലത്ത് എന്നിവരും പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പിഷമീമ ടീച്ചർ സ്വാഗതവും ഐ എ എം. കണ്ണൂർ ബ്രാഞ്ച് ഹെഡ് ഇജാസ് നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്കായി കരിയർ ഓറിയൻ്റേഷൻ ക്ലാസ് ഐ എ എം ഡയരക്ടർ മുഹമ്മദ് സാലി നേതൃത്വം നൽകി.
Comments