മിടുക്കരെ തേടി മേയർ - കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റെപ്സ് വിത്ത് ദി മേയർ പദ്ധതി പ്രഖ്യാപനം ഞായറാഴ്ച നടക്കും.
കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ഐ എ എം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സഹകരണത്തോടെ 'സ്റ്റെപ്സ് വിത്ത് ദി മേയർ' എന്ന പേരില്‍ ഒരു പദ്ധതി ആരംഭിക്കുകയാണ്. പഠിക്കാന്‍ മിടുക്കരും എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ വിദ്യാര്‍ത്ഥികളെ ചേര്‍ത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസരംഗത്ത് മത്സരം വര്‍ദ്ധിക്കുന്ന ഇന്നത്തെ കാലത്ത് ഓരോ സ്കൂളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, കോസ്റ്റ് അക്കൗണ്ടന്‍സി കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നത്. ഈ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ 28-07-2024, ഞായറാഴ്ച രാവിലെ 10.30 മണിക്ക് നടക്കുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു. അതോടൊപ്പം വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. മുഴുവൻ രക്ഷിതാക്കളും വിദ്യാർത്ഥികളും അവസരം ഉപയോഗിക്കണമെന്നും മേയർ അറിയിച്ചു.
Comments