ടി പി ചന്ദ്രശേഖരൻ്റെ കൊലയാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള കള്ളക്കളി പുറത്തു വന്നപ്പോൾ ജയില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖം രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്; സ്വര്‍ണകടത്തു, കൊട്ടേഷൻ സംഘങ്ങളുമായി സിപിഎം നേതാക്കള്‍ക്കുള്ള ബന്ധങ്ങളെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളിൽ സിബിഐ അന്വേഷണം നടത്തണമെന്നും അഡ്വ. മാർട്ടിൻ ജോർജ്. Kannur news
കണ്ണൂർ: ടി പി ചന്ദ്രശേഖരൻ്റെ കൊലയാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള കള്ളക്കളി പുറത്തു വന്നപ്പോൾ ജയില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖം രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ താല്‍കാലിക ചുമതല വഹിച്ച കെ.എസ്.ശ്രീജിത്ത് ഉള്‍പ്പെടെ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്ത നടപടി തികച്ചും ബാലിശമാണ് . പ്രതിപക്ഷം നിയമസഭയില്‍ സബ് മിഷനായി ഉന്നയിക്കുന്നതിന്റെ തൊട്ടുമുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് സസ്പെന്‍ഷന്‍ വിവരം പുറത്തുവിട്ടത് നാടകമാണ്.
ഇരുപത് വര്‍ഷത്തേക്ക് ശിക്ഷാ ഇളവിന് പരിഗണിക്കുക പോലും ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ട കൊലയാളികളെ ശിക്ഷാ ഇളവിന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉൾപ്പെടുത്തിയത് സി പി എം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ്. സംഭവം വിവാദമായപ്പോൾ കുറ്റം മുഴുവന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കുന്നത് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനാണ്. ആഭ്യന്തര വകുപ്പ് തയാറാക്കിയ മാനദണ്ഡ പ്രകാരമാണ് നടപടിയെന്ന് ജയിലധികാരികൾ രേഖാമൂലം മറുപടി നല്‍കിയതാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്. ശിക്ഷാ ഇളവിനുള്ള പട്ടിക ആദ്യം തയാറാക്കിയത് 2023 ജനുവരി 30നും രണ്ടാമത് തയാറാക്കിയത് 2024 മെയ് 30നുമാണ്. ഇതില്‍ ഏത് സമയത്താണ് ടി.പി കേസ് കുറ്റവാളികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടതെന്ന് വ്യക്തമാക്കാതെ ജൂണ്‍ 1 മുതല്‍ മാത്രം താല്‍കാലിക ചുമതല വഹിച്ച സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം - മാർട്ടിൻ ജോർജ് പറഞ്ഞു.
സിപിഎം നേതാക്കളുടെ കൊട്ടേഷൻ മാഫിയാ ബന്ധങ്ങള്‍ സിബിഐ അന്വേഷിക്കണം:അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.
കണ്ണൂര്‍: സ്വര്‍ണകടത്തു, കൊട്ടേഷൻ സംഘങ്ങളുമായി സിപിഎം നേതാക്കള്‍ക്കുള്ള ബന്ധങ്ങളെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളിൽ സിബിഐ അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. സി പി എമ്മിലെ യുവനേതാവായ എം.ഷാജിറിൻ്റെ സ്വർണകടത്ത് ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് പാർട്ടിക്കകത്ത് പരാതി നൽകിയതിൻ്റെ പേരിൽ ഒറ്റപ്പെടുകയും പാർട്ടിയിൽ നിന്ന് പുറത്താവുകയും ചെയ്ത സിപിഎം ജില്ലാ കമ്മിറ്റിയംഗം മനു തോമസിൻ്റെ വെളിപ്പെടുത്തലുകൾ അങ്ങേയറ്റം ഗൗരവതരമാണ്. സ്വർണകടത്തു സംഘവുമായി ബന്ധമുണ്ടെന്ന് പാർട്ടിക്കകത്തു തന്നെ ആരോപണ വിധേയനായ ഒരാളെയാണ് പിണറായി സർക്കാർ യുവജന കമ്മീഷൻ ചെയർമാനാക്കിയത്. എന്ത് സന്ദേശമാണ് ഇതിലൂടെ സി പി എം നൽകുന്നത്? നേതാക്കള്‍ തമ്മിലുള്ള കിടമത്സരത്തില്‍ സിപിഎമ്മിന്റെ കണ്ണൂര്‍ ലോബി അടപടലം തകര്‍ന്നിരിക്കുകയാണ്.
കൊട്ടേഷൻ സംഘങ്ങളും സ്വര്‍ണകടത്തുകാരുമൊക്കെ സിപിഎമ്മിനെ നിയന്ത്രിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി നില്‍ക്കുന്നു. ആകാശ് തില്ലങ്കേരിയടക്കമുള്ള കൊട്ടേഷൻ സംഘങ്ങളുടെ വരുതിയിലാണ് സിപിഎം നേതൃത്വമെന്ന യാഥാര്‍ത്ഥ്യമാണ് സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന മനു തോമസ് തുറന്നു പറഞ്ഞിരിക്കുന്നത്. ജില്ലയിലെ മുതിര്‍ന്ന നേതാവായ പി.ജയരാജനെതിരേയും മനുതോമസ് ഉന്നയിച്ച ആക്ഷേപങ്ങള്‍ ഗൗരവമുള്ളതാണ്. ക്വാറി മാഫിയയുടെ പിണിയാളുകളെ സിപിഎം ഏരിയാ സെക്രട്ടറിമാരാക്കുന്നതും വിദേശത്തും സ്വദേശത്തും മകനേയും ക്വട്ടേഷന്‍കാരേയും ഉപയോഗിച്ച് ബിസിനസ് നടത്തുന്നതുമൊക്കെ മനു തോമസ് തുറന്നു പറയുമ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ സിപിഎം നേതൃത്വത്തിനു സാധിക്കുന്നില്ല. പകരം ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ വെച്ച് മനു തോമസിനെതിരെ കൊലവിളി നടത്തുകയാണ്. മനു തോമസിനെ ഇല്ലാതാക്കുമെന്ന പരസ്യമായ ഭീഷണിയാണ് ആകാശ് തില്ലങ്കേരിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.
സിപിഎം നേതാക്കള്‍ വളര്‍ത്തിയ കൊട്ടേഷൻ സംഘങ്ങളും സൈബര്‍ ഗുണ്ടകളും ഇപ്പോള്‍ ആ പാര്‍ട്ടിയെ വിഴുങ്ങുകയാണ്. പോരാളി ഷാജിയടക്കം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ തള്ളിപ്പറയുമ്പോള്‍ സിപിഎമ്മിലെ മറ്റൊരു വിഭാഗം അത്തരം ക്രിമിനലുകളെ ചേര്‍ത്തു പിടിക്കുകയാണ്. സി പി എമ്മിൻ്റെ നിസ്വാർത്ഥരായ അണികൾ പാർട്ടിയുടെ അപചയത്തിൽ മനം മടുത്ത് മാറി ചിന്തിച്ചതിൻ്റെ തെളിവാണ് പാർട്ടികോട്ടകളെന്ന് പറയുന്ന പ്രദേശങ്ങളിൽ പോലും സി പി എമ്മിനുണ്ടായ തിരിച്ചടി. നേതൃത്വത്തിൻ്റെ വഴിപിഴച്ച പോക്കിൽ മനസു മടുത്താണ് പലരും മാറി ചിന്തിക്കുന്നത്.
ഇത്രയേറെ തിരിച്ചടികളുണ്ടാകുമ്പോഴും ഒരു തിരുത്തലിനും തയ്യാറാകാതെ ക്രിമിനൽ, ക്വട്ടേഷൻ മാഫിയയുടെ പ്രീതി നേടാനാണ് സി പി എം നേതാക്കൾ ശ്രമിക്കുന്നത്. അത്തരക്കാർക്ക് കീഴ്പെട്ടിരിക്കുകയാണ് പല നേതാക്കളും. ഇവരെ പിണക്കിയാൽ പാർട്ടി നേതാക്കളുടെ പല അവിഹിത ഇടപാടുകളും പുറത്തു വരുമെന്ന ഭയത്തിലാണ് ഇത്തരത്തിൽ വിധേയത്വം പുലർത്തുന്നത്. കോടതി ഉത്തരവ് പോലും കണക്കിലെടുക്കാതെ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവു നൽകി മോചിപ്പിക്കാൻ പി.ജയരാജൻ അംഗമായ ജയിൽ ഉപദേശക സമിതി നീക്കം നടത്തിയതൊക്കെ സിപിഎം ഒരു തിരുത്തലിനും തയ്യാറല്ലെന്നതിൻ്റെ തെളിവാണ്. പാർട്ടി ശക്തി കേന്ദ്രങ്ങളിലെ ബോംബ് നിർമാണത്തെ കുറിച്ച് സഹികെട്ട് തുറന്നു പറഞ്ഞ തലശേരി എരഞ്ഞോളിയിലെ സീനയെന്ന യുവതിയെ സി പി എം നേതാക്കൾ ഭീഷണിപ്പെടുത്തുകയാണ്. സൈബർ ക്രിമിനലുകളെ ഉപയോഗിച്ച് സീനയെ വ്യക്തിഹത്യ നടത്തുന്നു. പോരാളി ഷാജിമാർക്കെതിരെ ഒരു ദിവസം ഉറഞ്ഞു തുള്ളിയ എം.വി.ജയരാജൻ സൈബറിടങ്ങളിൽ സീനയ്ക്കെതിരെ നടക്കുന്ന അക്രമങ്ങളോട് മുഖം തിരിക്കുന്നത് ആരെ ഭയന്നിട്ടാണ്?
സി പി എമ്മിൽ നിന്നും മനു തോമസിനെ പോലെ കൂടുതൽ നേതാക്കൾ പുറത്തുവരും. പിണറായി വിജയൻ്റെയും ജയരാജന്മാരുടെയും മാഫിയാ പ്രവർത്തനങ്ങളോടും അതിനൊക്കെ വാഴ്ത്തുപാട്ടു പാടുന്ന എം.വി. ഗോവിന്ദനെ പോലുള്ളവരുടെ അമിത വിധേയത്വത്തോടും സമരസപ്പെടാത്ത ഒട്ടേറെ പേർ ഇനിയും സി പി എം വിട്ടു പോകുമെന്ന് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.
Comments