മൂന്ന് ദിവസത്തേക്ക് ശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി; നാളെ കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. 26 june




തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അടുത്ത 3 ദിവസം വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും നാളെ കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിന്റെ തീരദേശ മേഖലയിൽ ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നു. കൂടാതെ ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇന്നും നാളെയും കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല എന്ന അറിയിപ്പും നിലനിൽക്കുന്നുണ്ട്.

പത്തനംതിട്ട ജില്ലയിലെ മാഡമൺ സ്റ്റേഷൻ (പമ്പ നദി), കല്ലൂപ്പാറ സ്റ്റേഷൻ (മണിമല നദി) എന്നിവിടങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട് കേന്ദ്ര ജല കമ്മീഷൻ പ്രഖ്യാപിച്ചിരിയ്ക്കുന്നു. അതോടൊപ്പം പത്തനംതിട്ട ജില്ലയിലെ തുമ്പമൺ സ്റ്റേഷൻ (അച്ചൻകോവിൽ നദി), കോട്ടയം ജില്ലയിലെ പുല്ലാക്കയർ സ്റ്റേഷൻ (മണിമല നദി), ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷൻ (തൊടുപുഴ നദി) എന്നിവിടങ്ങളിൽ ഇന്ന് യെല്ലോ അലർട്ടും ഉണ്ട്. ആയതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കേണ്ടതാണ്.

അരുവിക്കര, കല്ലാർകുട്ടി, ലോവർ പെരിയാർ, പാംബ്ലാ, പെരിങ്ങൽകൂത്ത് എന്നീ ഡാമുകളിൽ നിന്നും മുൻകരുതലിന്റെ ഭാഗമായി നിയന്ത്രിത അളവിൽ ജലം പുറത്തേക്കൊഴുക്കി വിടുന്നുണ്ട്. മറ്റു ഡാമുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ചു വരികയാണ്.

കൂടാതെ ദേശീയ ദുരന്ത നിവാരണ സേനയുടെ 9 ടീമുകളെ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ വിന്യസിച്ചിട്ടുണ്ട് (ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, കോഴിക്കോട്, തൃശ്ശൂർ, വയനാട്).

ശക്തമായ മഴയെ തുടർന്ന് നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യങ്ങളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മലയോരമേഖലകളിൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനു സാധ്യതയുണ്ട്. ഇത്തരം മേഖലകളിലേക്കുള്ള രാത്രിയാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. 

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും, ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറിത്താമസിക്കാൻ തയ്യാറാവേണ്ടതാണ്. ബന്ധുവീടുകളിലേക്കോ അധികാരികൾ തയ്യറാക്കിയ ക്യാമ്പുകളിലേക്കോ ഇത്തരം സാഹചര്യത്തിൽ മാറാവുന്നതാണ്.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ശക്തമായ മഴയുടെ സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ ഒരു ക്യാമ്പ് തുറന്നിട്ടുണ്ട്. വിവിധ കുടുംബങ്ങളിൽ നിന്നായി 36 പേർ ക്യാമ്പിൽ താമസിക്കുന്നുണ്ട്. ശക്തമായ മഴയിൽ ഇടുക്കി ജില്ലയിൽ മാല എന്ന വ്യക്തി മരണപ്പെട്ടിട്ടുണ്ട്.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023