മലപ്പുറത്ത് പ്ലസ് വൺ താൽക്കാലിക ബാച്ച് അനുവദിക്കും: മന്ത്രി വി ശിവൻകുട്ടി. 25 june




മലപ്പുറത്തെ സ്ഥിതി പഠിക്കാൻ രണ്ട് അംഗ സമിതി

• പഠനവിടവ് നികത്താൻ ബ്രിഡ്ജ് കോഴ്‌സ്

പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും മലപ്പുറത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കാനുള്ള ആവശ്യം തത്വത്തിൽ അംഗീകരിച്ചതായും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സെക്രട്ടേറിയേറ്റ് അനക്സിൽ നടന്ന ചർച്ചയിൽ 15 വിദ്യാർഥി സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. മലപ്പുറം ജില്ലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ രണ്ട് അംഗ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി അക്കാദമിക്സ് ജോയിന്റ് ഡയറക്ടർ, മലപ്പുറം ആർ.ഡി.ഡി. എന്നിവരാണ് സമിതി അംഗങ്ങൾ. ജൂലൈ 5 നകം സമിതി റിപ്പോർട്ട് സർക്കാരിന് നൽകണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃത പ്രവേശന നടപടികൾ സ്വീകരിക്കും. മലപ്പുറത്ത് സർക്കാർ മേഖലയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 85 സ്‌കൂളുകളും എയ്ഡഡ് മേഖലയിൽ 88 സ്‌കൂളുകളുമാണുള്ളത്. ഇപ്പോൾ ജില്ലയിൽ ഹയർ സെക്കൻഡറി രണ്ടാം വർഷത്തിൽ 66,024 കുട്ടികൾ പഠിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
സപ്ലിമെന്ററി അലോട്ട്മെന്റോടുകൂടി പ്ലസ് വൺ പ്രവേശനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വിഷയ കോമ്പിനേഷന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിലെ സ്ഥിതി പരിശോധിച്ചപ്പോൾ സയൻസ് സീറ്റുകൾ അധികമാണെന്നാണ് കണ്ടെത്തിയത്. എന്നാൽ കൊമേഴ്സ്, ഹ്യുമാനിറ്റീസ് സീറ്റുകൾ കുറവാണെന്നും കണ്ടെത്തി. നിലമ്പൂർ, ഏറനാട്, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നിവിടങ്ങളിൽ നിലവിൽ 4431 സയൻസ് സീറ്റുകൾ കൂടുതലാണ്. എന്നാൽ ഹ്യൂമാനിറ്റീസിൽ 3816 സീറ്റും കൊമേഴ്സിൽ 3405 സീറ്റും കുറവാണ്. കഴിഞ്ഞ വർഷം പ്രവേശനം പൂർത്തീകരിച്ച അവസരത്തിൽ മലപ്പുറം ജില്ലയിൽ 4952 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്ന് മന്ത്രി അറിയിച്ചു.
ഇത്തവണ മലപ്പുറം ജില്ലയിൽ 53762 പേർ പ്രവേശനം നേടിക്കഴിഞ്ഞു. ഒന്നും രണ്ടും മൂന്നും അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ജൂലൈ രണ്ടിന് ക്ഷണിച്ചിരിക്കുകയാണ്. രണ്ട്, മൂന്ന്, നാല് തീയതികളിലായി സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. അലോട്ട്മെന്റ് എട്ടാം തീയതി ആരംഭിക്കും. ഒറ്റദിവസം കൊണ്ട് അലോട്ട്മെന്റ് പൂർത്തിയാകും. 8,9 തീയതികളിൽ പ്രവേശനം നടക്കും. സംസ്ഥാനത്തെമ്പാടുമുള്ള താലൂക്ക് തല സ്ഥിതി വിവരക്കണക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചു കഴിഞ്ഞു.
നിലവിൽ ജൂലൈ 31 നകം പ്ലസ് വൺ പ്രവേശനം അവസാനിപ്പിക്കുന്ന രീതിയിലാണ് പ്രവേശന ഷെഡ്യൂൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ക്ലാസ് നഷ്ടമാകുന്ന വിദ്യാർഥികൾക്ക് ബ്രിഡ്ജ് കോഴ്‌സ് നൽകി പഠനവിടവ് നികത്താനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ചർച്ച വളരെ സൗഹാർദപരവും ആരോഗ്യപരവുമായിരുന്നെന്ന് മന്ത്രി പറഞ്ഞു. സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം സ്‌കോൾ കേരള (പ്രൈവറ്റ് രജിസ്ട്രേഷൻ) അപേക്ഷ ക്ഷണിച്ചാൽ മതിയെന്ന വിദ്യാർഥി സംഘടനകളുടെ ആവശ്യം അംഗീകരിച്ചു. കഴിഞ്ഞ വർഷം മലപ്പുറത്ത് മാത്രം 12000 ത്തോളം വിദ്യാർഥികൾ സ്‌കോൾ കേരളയിൽ ഉണ്ടായിരുന്നു. അലോട്ട്മെന്റ് താലൂക്ക് അടിസ്ഥാനത്തിൽ നടത്താൻ കഴിയുമോ എന്ന് പരിശോധിക്കാൻ സംഘടനകൾ ആവശ്യപ്പെട്ടതായും വിദഗ്ധർ ഇതുസംബന്ധിച്ച പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023