ബ്ലേഡ് മാഫിയക്കെതിരെ നടപടികൾ ശക്തമാക്കി പാലക്കാട് ജില്ലാ പോലീസ്: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി. 21 june
പാലക്കാട് : പാലക്കാട് ജില്ലയിൽ അമിത പലിശ (ബ്ലേഡ് പലിശ) ഈടാക്കുന്നതും, അനധികൃത പണമിടപാട് നടത്തുന്നതുമായ ബ്ലേഡ് മാഫിയക്കെതിരെ നടപടികൾ ശക്തമാക്കി പാലക്കാട് ജില്ലാ പോലീസ്. ഇവർക്കെതിരെ അമിത പലിശ ഈടാക്കൽ നിരോധന നിയമപ്രകാരം നിയമനടപടികൾ സ്വീകരിച്ചുവരുന്നുമുണ്ട്. ഇത്തരത്തിൽ അമിത പലിശ ഈടാക്കുന്നതിലേക്കായി നിരന്തരമായി സാധാരണക്കാരായ ആളുകളെ ഭീഷണിപ്പെടുത്തി അവർക്കെതിരെ ആക്രമണം നടത്തി, സാധാരണക്കാരയ പൊതു ജനങ്ങളെ ചൂഷണം നടത്തിവന്നിരുന്ന കുപ്രസിദ്ധ ഗുണ്ടയായ മാട്ടുമന്ത സ്വദേശിയായ ബൂഗി എന്ന വിളിപ്പേരുള്ള രാജേഷിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ ആർ.ആനന്ദ് ഐ.പി.എസ് സമർപ്പിച്ച ശുപാർശയിൽ, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പാലക്കാട് ജില്ല, ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ മാട്ടുമന്ത, കുണ്ടുകാട് എന്ന സ്ഥലത്ത് കനവ് വീട്ടിൽ താമസിക്കുന്ന മുത്തു മകൻ 37 വയസ്സുള്ള രാജേഷിനെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ)നിയമം വകുപ്പ് 3 പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചത്. പാലക്കാട് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടികൾ സ്വീകരിച്ചത്. ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂർ അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു. ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ അമിത പലിശക്ക് (ബ്ലേഡ്) പണം കടം കൊടുത്തത് പല തവണകളായി തിരിച്ചുകൊടുക്കുകയും തുടർന്ന് വീണ്ടും കൂടുതൽ ആവശ്യപ്പെട്ടത് കൊടുക്കാത്തതിലുള്ള വിരോധംവച്ചും അമിതപലിശ ഈടാക്കുന്നതിലേക്കായും 2024 വർഷത്തിൽ മാട്ടുമന്തയിൽ കുണ്ടുകാട് എന്നസ്ഥലത്ത് വച്ച് ഭീഷണിപ്പെടുത്തി ആക്രമിച്ച് ഗുരുതരപരിക്കേപ്പിച്ചതിന് കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ-3 പ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്. പാലക്കാട് ജില്ലയിലെ ടൗൺ നോർത്ത്, ടൗൺ സൗത്ത്, കസബ എന്നീ പോലീസ് സ്റ്റേഷനുകളിലെ സമാന ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
Comments