ഓൺലൈൻ വഴി മയക്കുമരുന്ന് വില്പന നടത്തി വന്ന സംഘത്തെ എക്സൈസ് വലയിലാക്കി; വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് വഴി ലഹരിമരുന്ന് ആവശ്യപ്പെട്ടാൽ പണം അടയ്ക്കാനുള്ള ക്യു ആർ കോഡ് നൽകുകയും പണം കിട്ടിക്കഴിഞ്ഞാൽ മയക്കുമരുന്ന് ഡെലിവറി ചെയ്യുന്ന രഹസ്യ ലൊക്കേഷനും സമയവും ഇവർ അയച്ചു നൽകുകയും ചെയ്തിരുന്നു.
മലപ്പുറം : വണ്ടൂരിൽ ഓൺലൈൻ വഴി മയക്കുമരുന്ന് വില്പന നടത്തി വന്ന സംഘത്തെ എക്സൈസ് വലയിലാക്കി അഞ്ച് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം വണ്ടൂർ എക്‌സൈസ് ഇൻസ്പെക്ടർ എൻ. നൗഫലിന്റെ സംഘമാണ് പ്രതികളെ പിടികൂടിയത്.
വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് വഴി ലഹരിമരുന്ന് ആവശ്യപ്പെട്ടാൽ പണം അടയ്ക്കാനുള്ള ക്യു ആർ കോഡ് നൽകുകയും പണം കിട്ടിക്കഴിഞ്ഞാൽ മയക്കുമരുന്ന് ഡെലിവറി ചെയ്യുന്ന രഹസ്യ ലൊക്കേഷനും സമയവും ഇവർ അയച്ചു നൽകുകയും ചെയ്തിരുന്നു. വിക്രം സിനിമയിലെ റോളക്സ് എന്ന വില്ലൻ കഥാപാത്രത്തിൻ്റെ വിളിപ്പേരിലാണ് ഈ നമ്പർ ഉപഭോക്താക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. ആർക്കാണോ പണം അയച്ചുകൊടുത്തതെന്നോ ആരാണ് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത് എന്നോ വാങ്ങുന്നവർക്ക് ഒരു അറിവുമുണ്ടാകില്ല. ലഹരി ഉപയോഗമുള്ള യുവാക്കളിൽ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചു വണ്ടൂർ എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് ലഹരി വിൽപന നടത്തിയ പ്രതികൾ വണ്ടൂരിലും തിരൂരിലും വച്ച് അറസ്റ്റിലായത്.
വണ്ടൂർ ഭാഗത്ത് ഓർഡർ പ്രകാരം കഞ്ചാവ് വിതരണത്തിനെത്തിയ ഗൂഡല്ലൂർ നെൽകോട്ട സ്വദേശി നൗഫൽ അബുബക്കർ എന്നയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് തിരൂർ തലക്കാട് പുല്ലൂരിൽ ഉള്ള വാടക ക്വാർട്ടേഴ്സിൽ ആണ് കഞ്ചാവ് സൂക്ഷിച്ചിട്ടുള്ളതെന്നും മറ്റു സംഘാംഗങ്ങൾ അവിടെ ഇരുന്നാണ് കസ്റ്റമേഴ്സിനെ ഡീൽ ചെയ്യുന്നത് എന്നും മനസ്സിലാക്കിയത്. തുടർന്ന് കാളികാവ് എക്സൈസ് സംഘം പുലർച്ചെ തിരൂരിലെ വാടക ക്വാർട്ടേഴ്സിലെത്തി റോളക്സ് വാട്സാപ് കൈകാര്യം ചെയ്യുന്ന എടക്കര സ്വദേശി വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. ഇവിടെ നിന്ന് അഞ്ചു കിലോ കഞ്ചാവും കസ്റ്റഡിയിലെടുത്തു.
മയക്കുമരുന്ന് എത്തിക്കുകയും പണമിടപാടു നടത്തുകയും ചെയ്തിരുന്ന തൊടുപുഴ സ്വദേശി രാഹുൽ എന്ന സനീഷ് ഒളിവിലാണ്. ഇവർ ഉപയോഗിച്ചിരുന്ന സകൂട്ടർ, മൊബൈൽ ഫോണുകൾ, ബാങ്ക് അക്കൗണ്ട് പാസ്ബുക്കുകൾ എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട് . കുറച്ചു ദിവസങ്ങൾക്ക് മുൻപ് കണ്ണൂർ എക്സൈസ് സ്പെഷ്യൽ സക്വാഡ് ഇതേ രീതിയിൽ ഡ്രോപ്പിംഗ് സംവിധാനത്തിലൂടെ എം.ഡി.എം.എ വിൽപ്പന നടത്തിയ ഒരു സംഘത്തെ പിടികൂടിയിരുന്നു. കാളികാവ് എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസറും ഉത്തരമേഖല കമ്മീഷണർ സ്ക്വാഡ് അംഗവുമായ കെ എസ് അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ കെ വി, മുഹമ്മദ് അഫ്സൽ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സവാദ് നാലകത്ത് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
Comments