ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ: അധികസുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേന.




ലോക്സഭ തിരഞ്ഞെടുപ്പിൽ സുരക്ഷിതവും സമാധാനപൂർണവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. കേരള പൊലീസും കേന്ദ്രസേനയുമാണ് വോട്ടെടുപ്പിന് കർശന സുരക്ഷ ഒരുക്കുന്നത്. സംസ്ഥാനത്ത് 25231 ബൂത്തുകളാണ് ഇക്കുറിയുള്ളത്. 13272 സ്ഥലങ്ങളിലായി ഒരുക്കിയ ഈ ബൂത്തുകളുടെ സുഗമമായ നടത്തിപ്പിനും സുരക്ഷയ്ക്കുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്തൊട്ടാകെ ഏർപ്പെടുത്തിയിട്ടുള്ളത്.
എഡിജിപി എം.ആർ അജിത്ത് കുമാറാണ് പൊലീസ് വിന്യാസത്തിന്റെ നോഡൽ ഓഫീസർ. പോലീസ് ഇൻസ്പെക്ടർ ജനറൽ (ഹെഡ് ക്വാർട്ടേഴ്സ്) ഹർഷിത അട്ടല്ലൂരി അസി. സംസ്ഥാന പോലീസ് നോഡൽ ഓഫീസറായും നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ 20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴിൽ പോലീസ് ജില്ലകളെ 144 ഇലക്ഷൻ സബ്ബ് ഡിവിഷൻ മേഖലകളാക്കിയിട്ടുണ്ട്. ഓരോന്നിന്റയും ചുമതല ഡി.വൈ.എസ്.പി അല്ലെങ്കിൽ എസ്.പിമാർക്കാണ്. 183 ഡിവൈഎസ്പിമാർ, 100 ഇൻസ്പെക്ടർമാർ, 4540 എസ് ഐ, എഎസ്ഐമാർ, 23932 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, 2874 ഹോം ഗാർഡുകൾ, 4383 ആംഡ് പൊലീസ് ബറ്റാലിയൻ അംഗങ്ങൾ, 24327 എസ്പിഒമാർ എന്നിവരാണ് സംസ്ഥാനത്ത് സുരക്ഷയൊരുക്കുന്നത്. കൂടാതെ 62 കമ്പനി സിഎപിഎഫും(സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്) സുരക്ഷയൊരുക്കുന്നുണ്ട്. ഇതിൽ 15 കമ്പനി മാർച്ച് മൂന്നിനും 21 നുമായി സംസ്ഥാനത്തെത്തിയിരുന്നു. ബാക്കി 47 കമ്പനി സേന തമിഴ്നാട്ടിലെ വോട്ടെടുപ്പ് പൂർത്തിയായ ശേഷം ഏപ്രിൽ 20 ന് എത്തിയിരുന്നു. പ്രശ്ന ബാധിതമാണെന്ന് കണ്ടത്തിയിട്ടുള്ള പോളിംഗ് സ്റ്റേഷനുകളിൽ കേന്ദ്രസേനയുൾപ്പെടെ അധിക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സിഎപിഎഫിൽ നിന്നുള്ള 4464 പേരെയും തമിഴ്‌നാട്ടിൽ നിന്നും 1500 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. 
ഓരോ പോലീസ് സ്റ്റേഷനുകീഴിലും ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോൾ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ തിരഞ്ഞെടുപ്പ് ദിവസം ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്നങ്ങൾ മൂലം തിരഞ്ഞെടുപ്പ് തടസ്സപ്പെടാതിരിക്കാൻ ഒരു ദ്രുതകർമ്മസേനയെയും എല്ലാ പോലീസ് സ്റ്റേഷനുകളിലും വിന്യസിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ വോട്ടർമാർക്ക് ഭയരഹിതമായി വോട്ട് രേഖപ്പെടുത്താൻ കേന്ദ്രസേനയെ ഉൾപ്പെടുത്തി പ്രത്യേക സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോൾ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സുഗമവും സുരക്ഷിതവുമായ വോട്ടെടുപ്പ് പൂർത്തിയാക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023