കണ്ണൂർ സിറ്റി കുറുവയിൽ സർവീസ് സെന്ററിൽ നിന്നും കാർ കവർന്ന സംഘത്തെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു : പ്രതികൾ പിടിയിലായത് ഒരാഴ്ചയോളം നീണ്ട സാഹസിക അന്വേഷണത്തിനൊടുവിൽ.
കണ്ണൂർ : സർവീസ് സെന്ററിൽ സർവീസിനായി കൊണ്ടുവന്ന സ്വിഫ്റ്റ് കാർ മോഷണം നടത്തിയ വാഹനമോഷണ സംഘം പിടിയിലായി. എറണാകുളം സ്വദേശികളായ എരമലൂർ ദയ ബഡ്സ് സ്കൂൾ നെല്ലിക്കുഴി ഓളിയോൻ ഹൗസിൽ ഫൈസി എന്ന മുഹമ്മദ് ഫൈസൽ (24), കോതമംഗലം പിണ്ടി മന വില്ലേജിൽ മാരിപ്പാറ കണ്ണങ്കാരി ഹൗസിൽ കരിഞ്ഞു എന്ന കെ. എസ് ആകാശ് (24), കോതമംഗലം നെല്ലിക്കുഴി കുമുള്ളൻ ചാലിൽ ഹൗസിൽ മുന്ന എന്ന കെ. എൻ രാഹുൽ (28) എന്നിവരാണ് പിടിയിലായത്. കണ്ണൂർ സിറ്റി കുറവയിലുള്ള സർവീസ് സെന്ററിൽ സർവീസിനായി കൊണ്ടുവന്ന മാരുതി സിഫ്റ്റ് കാർ ആണ് സംഘം കവർന്നത്. കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഈ മാസം നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് പ്രതികളെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണസംഘത്തിനെ നിയമിക്കുകയും ഈ സംഘം നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്യുകയും പ്രതികളുടെ ഫോട്ടോയും കാർ മോഷ്ടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു. മോഷണം നടത്തിയ കാർ തൃശ്ശൂർ എറണാകുളം ഭാഗത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി ഇൻസ്പെക്ടർ കൈലാസ് ദാസിന്റെ നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി എസ് ഐമാരായ സതീഷ്, വിനോദ്, പോലീസുകാരായ സ്നേഹേഷ്, സജിത്ത്, ബൈജു എന്നിവരടങ്ങിയ സംഘം ഒരാഴ്ചയോളം കോതമംഗലം, പെരുമ്പാവൂർ, ആലുവ, കളമശ്ശേരി എന്നീ സ്ഥലങ്ങളിൽ നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും വാഹനത്തെയും പ്രതികളെയും തിരിച്ചറിയുകയും ചെയ്തു. തുടർന്ന് ഇവരുടെ താമസസ്ഥലങ്ങൾ തേടുകയും രണ്ടുപേരെ കോതമംഗലത്ത് നിന്നും ഒരാളെ കാക്കനാട് നിന്നും പിടികൂടി. ഇയാളുടെ കയ്യിൽ നിന്നും കാണാതായ വാഹനവും കണ്ടെത്തി. കാക്കനാട് വെച്ച് പ്രതിയെ പിടികൂടുന്നതിനിടയിൽ പോലീസുകാരായ സ്നേഹേഷ്, സജിത്ത് എന്നിവർക്ക് നിസാര പരിക്കേറ്റിരുന്നു. പ്രതികളെ കണ്ണൂരിൽ എത്തിച്ചു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാർത്ത തയ്യാറാക്കിയത് : അബൂബക്കർ പുറത്തീൽ, കണ്ണൂർ ന്യൂസ് ഡെസ്ക്.
Comments