ഓൺലൈൻ തട്ടിപ്പിലൂടെ മേലെ ചൊവ്വ സ്വദേശിയായ യുവാവിന് നഷ്ടമായത് 25,000 രൂപ.
കണ്ണൂർ : ഓൺലൈൻ തട്ടിപ്പിലൂടെ മേലെ ചൊവ്വ സ്വദേശിയായ യുവാവിന് നഷ്ടമായത് 25,000 രൂപ. പുതുതായി എടുത്ത ഇന്ദുസിൻഡ് ക്രെഡിറ്റ് കാർഡ് ആക്റ്റിവേറ്റ് ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് യുവാവിൻ്റെ മൊബൈലിലേക്ക് ഇന്ദുസിൻഡ് ക്രെഡിറ്റ് കാർഡ് കസ്റ്റമർ കെയർ ഓഫീസർ എന്ന വ്യാജേന കോൾ വരികയായിരുന്നു.പിന്നീട് അവർ ആവശ്യപ്പെട്ടത് പ്രകാരം കാർഡ് നമ്പറും ഒ ടി പിയും പറഞ്ഞു കൊടുത്തതിനെ തുടർന്ന് ക്രെഡിറ്റ് കാർഡിൽ നിന്ന് 25,000 രൂപ നഷ്ടപ്പെട്ടു.
മറ്റൊരു പരാതിയിൽ സോഷ്യൽ മീഡിയ ആപ്പായ ടെലിഗ്രാമിൽ ഓൺലൈൻ വഴി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന മെസ്സേജ് കണ്ട് പണം നൽകിയ പിണറായി സ്വദേശിയായ യുവാവിന് 25,000 രൂപ നഷ്ടപ്പെട്ടു.
പണം നൽകിയതിന് ശേഷം ഓരോ ടാസ്ക് പൂർത്തീകരിച്ചാൽ നൽകിയ പണത്തിന്റെ ലാഭത്തോടുകൂടി പണം തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവാവിനെ തട്ടിപ്പിന് ഇരയാക്കിയത്. തുടക്കത്തിൽ പണം തിരികെ ലഭിക്കുമെങ്കിലും രണ്ട് മൂന്ന് ടാസ്കുകൾ കഴിഞ്ഞാൽ പിന്നെ പലകാരണങ്ങൾ പറഞ്ഞ് പണം തിരികെ നൽകാതെ വരും. ഇതോടെയാണ് ഇതൊരു തട്ടിപ്പാണെന്ന് പലർക്കും മനസ്സിലാകുന്നത്.അപ്പോഴേക്കും ഒരു നല്ല തുക തട്ടിപ്പുക്കാരുടെ കൈകളിൽ എത്തിയിട്ടുണ്ടാവും.
ഇൻസ്റ്റാഗ്രാം , ടെലിഗ്രാം , ഫേസ്ബുക്ക് വാട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയകൾ വഴിയാണ് തട്ടിപ്പ് സംഘം ഇത്തരത്തിലുള്ള വ്യാജ മെസ്സേജ് അയച്ചും പരസ്യങ്ങൾ നൽകിയും തട്ടിപ്പിന് കെണിയൊരുക്കുന്നത്.
സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്ന ആൾക്കാർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും. വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുകയോ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ആക്ടിവേഷന് വേണ്ടി ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഒ ടി പിയോ പങ്കുവെയ്ക്കുകയോ ചെയ്യരുത്. ഇത്തരം സൈബർ കുറ്റകൃത്യങ്ങളിൽ നിങ്ങൾ ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.
ആദ്യ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുക
Comments