കേരളത്തിലെ ബീച്ച് ടൂറിസത്തെ ചില ലോബികൾ തകർക്കാൻ ശ്രമിക്കുന്നു : മന്ത്രി മുഹമ്മദ് റിയാസ്..






കടപ്പുറം സൈക്ലോണ്‍ ഷെല്‍ട്ടര്‍ 
മന്ത്രി നാടിന് സമർപ്പിച്ചു.

തൃശൂർ : കേരളത്തിലെ ബീച്ച് ടൂറിസത്തെ തകർക്കാർ ചില ലോബികൾ ശ്രമിക്കുന്നുണ്ടെങ്കിലും അതിനെ ജനകീയമാക്കുന്ന പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്. കടപ്പുറം സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കുകയാണ്. ബീച്ചിലെ ലൈഫ് ഗാർഡുകൾക്ക് ജീവിത സുരക്ഷ നൽകാൻ ഇൻഷൂറൻസ് പരിരക്ഷയും സർക്കാർ ഏർപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.
ചാവക്കാട് ടൂറിസത്തിന് സർക്കാരിൻ്റെ പരിപൂർണ്ണ പിന്തുണയുണ്ടാകും. തീരദേശമേഖലയെ പ്രകൃതി ദുരന്തങ്ങളിൽ നിന്നും സംരക്ഷിക്കുകയാണ് സർക്കാരിൻ്റെ പൊതു നയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ എൻ.കെ.അക്ബർ എം.എൽ.എ അധ്യക്ഷനായി. പ്രവാസി വെൽഫയർ ബോർഡ് ചെയർമാൻ കെ.വി അബ്ദുൾഖാദർ മുഖ്യതിഥിയായി. പിഡബ്ല്യുഡി സൂപ്രണ്ടിങ്ങ് എഞ്ചിനീയർ വി.കെ ശ്രീമാല റിപ്പോർട്ട് അവതരിപ്പിച്ചു.

ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി സുരേന്ദ്രൻ, ജാസ്മിൻ ഷഹീർ, സാലിഹ ഷൗക്കത്ത്, വാർഡ് മെമ്പർ ശുഭ ജയൻ, സബ് കളക്ടർ മുഹമ്മദ് ഷെഫീഖ്, ഡിസാസ്റ്റർ മാനേജ്മെൻ്റ് ഡെപ്യൂട്ടി കളക്ടർ ബി. അനിൽകുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

ദുരന്ത നിവാരണ അതോറിറ്റി ഗുരുവായൂര്‍ മണ്ഡലത്തിലെ കടപ്പുറം അഞ്ചങ്ങാടിയിൽ 3.63 കോടി രൂപ വിനിയോഗിച്ചാണ് സൈക്ലോണ്‍ ഷെല്‍ട്ടര്‍ നിര്‍മ്മിച്ചത്. എൻ.കെ അക്ബർ എം.എല്‍.എയുടെ നിരന്തര ശ്രമഫലമായാണ് കെട്ടിട നിര്‍മ്മാണം വേഗത്തിൽ പൂര്‍ത്തീകരിക്കാനായത്.

തീരദേശ മേഖലയിലെ കടലാക്രമണ ഭീഷണി നേരിടുന്ന ജനങ്ങള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ആശ്വാസമാകാന്‍ ഷെല്‍ട്ടര്‍ ഉപകരിക്കും. 600 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം കെട്ടിടത്തിലുണ്ട്. പ്രദേശത്തെ ജനങ്ങളുടെ നിരവധി വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ സഫലമാകുന്നത്.
നിലവില്‍ അടിയന്തിര സാഹചര്യങ്ങളില്‍ സമീപത്തെ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലുമാണ് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നത്. സൈക്ലോണ്‍ ഷെല്‍ട്ടര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതിന് പരിഹാരമാകും.

877 ചതുരശ്ര മീറ്ററില്‍ മൂന്ന് നിലകളിലായാണ് കെട്ടിടം നിര്‍മ്മിച്ചത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു (ബില്‍ഡിംഗ്സ്) നിര്‍മ്മാണ ചുമതല. ഗ്രൗണ്ട് ഫ്ളോറില്‍ ഡൈനിങ്ങ് ഹാള്‍, വരാന്ത, വാഷ് ഏരിയ എന്നിവയും മറ്റ് നിലകളില്‍ 2 മുറികള്‍, വാഷ് ഏരിയ, 6 ടോയ്ലറ്റ് വീതവും സജ്ജീകരിച്ചിട്ടുണ്ട്.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023