ലോകസഭ തെരഞ്ഞെടുപ്പ് ; എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ആരംഭിച്ചു: അതിര്‍ത്തിയില്‍ പ്രത്യേക സ്‌ക്വാഡ് : 107 കിലോ കഞ്ചാവ് പിടികൂടി. news



കാസര്‍കോട് : ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സൈസ് വകുപ്പ് കാസര്‍കോട് ഡിവിഷന്‍ ജില്ലയില്‍ ഉടനീളം എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കി വരികയാണെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.ജയരാജ് പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കണ്‍ട്രോള്‍ റൂം കാസര്‍കോട് ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍ പ്രവര്‍ത്തിക്കുന്നു. ജില്ലാ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യേക പട്രോളിംഗിനായി ഒരു ബോര്‍ഡര്‍ പട്രോള്‍ യൂണിറ്റ് രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരുന്നുണ്ട് അബ്കാരി - മയക്കുമരുന്ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ജില്ലയിലെ സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് പ്രത്യേക നിരീക്ഷണം നടത്തി നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. മദ്യം 'മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിന് ജില്ലയിലൂടനീളം വാഹന പരിശോധനയും കര്‍ശനമായി നടപ്പിലാക്കി വരുന്നു. മറ്റു വകുപ്പുകളുമായി ചേര്‍ന്നും അല്ലാതെയും കോമ്പിംഗ് ഓപ്പറേഷന്‍ വഴി വാഹന പരിശോധനയും നടത്തിവരുന്നുണ്ടെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. വിദ്യാലയങ്ങളുടെ വേനല്‍ക്കാല അവധിക്കാലത്ത് ലഹരി മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍ വിദ്യാര്‍ത്ഥികള്‍ അകപ്പെടാതിരിക്കാന്‍ ബോധവത്ക്കരണത്തിനായി പ്രത്യേക അധ്യാപക രക്ഷകര്‍തൃയോഗങ്ങള്‍ ചേരുന്നതിന് ജനകീയ സമിതി യോഗം നിര്‍ദ്ദേശിച്ചു. അവധിക്കാലത്ത് പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ലഹരി വിരുദ്ധ നിരീക്ഷണത്തിന് വിധേയമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

107 കിലോ കഞ്ചാവ് പിടികൂടി

വേനലവധിയ്ക്ക് അടയ്ക്കുന്നതിന്റെ ഭാഗമായി ക്യാമ്പസുകളിലും വിദ്യാലയങ്ങളിലും കുട്ടികള്‍ കൂട്ടം ചേര്‍ന്ന് പ്രത്യേകം പാര്‍ട്ടികള്‍ സംഘടിപ്പിക്കുമ്പോള്‍ അവിടെ ലഹരി സംഘങ്ങള്‍ക്ക് വളരാനുള്ള ഇടം കൊടുക്കാതിരിക്കാനുള്ള ജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും തെറ്റായ സന്ദേശം നല്‍കി വിദ്യാര്‍ത്ഥിനികളെ വലയില്‍ പെടുത്തുന്നത് തടയാനും ജാഗ്രത പാലിക്കും. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 107.86 കിലോഗ്രാം കഞ്ചാവ് പിടികൂടിയത് സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ്.

ഒരു മാസത്തിനിടെ എക്‌സൈസ് വകുപ്പ് 589 റെയ്ഡുകള്‍ നടത്തി. 87 സംയുക്ത റെയ്ഡുകളും നടത്തി. 97 അബ്കാരി കേസുകളും 9 എന്‍.ഡി.പി.എസ് കേസുകളും 38 കോട്പ കേസുകളും കണ്ടുപിടിച്ചു. വിവിധ കേസുകളിലായി 30.7 ലിറ്റര്‍ ചാരായം, 320 ലിറ്റര്‍ വാഷ്, 185.3 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 742.63 ലിറ്റര്‍ ഇതര സംസ്ഥാന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 27.95 ലിറ്റര്‍ ബിയര്‍ എന്നിവ പിടിച്ചെടുത്തു. വിവിധ കേസുകളില്‍ 10000 രൂപയും മൂന്ന് മൊബൈല്‍ ഫോണും രണ്ട് ഗഞ്ചാ ബീഡിയും പിടിച്ചെടുത്തിട്ടുണ്ട്. 29 കോട്പ കേസുകളില്‍ പിഴയായി 58200 രൂപയും ഈടാക്കിയിട്ടുണ്ട്. 12389 വാഹന പരിശോധന നടത്തി. അബ്കാരി കേസുകളില്‍ 6 എന്‍.ഡി.പി.എസ് കേസുകളില്‍ 4 വാഹനങ്ങള്‍ ഇക്കാലയളവില്‍ നിലവില്‍ കാസര്‍കോട് ഡിവിഷനില്‍ പിടിച്ചെടുത്തു. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളോടൊപ്പം വിവിധങ്ങളായ ലഹരി വിരുദ്ധ ബോധന പ്രവര്‍ത്തനങ്ങള്‍ വിമുക്തി മിഷന്റെ ഭാഗമായി എക്‌സൈസ് വകുപ്പില്‍ ജില്ലയില്‍ സംഘടിപ്പിച്ചുവരുന്നു. ഈ കാലയളവില്‍ 82 പരിപാടികള്‍ വിവിധയിടങ്ങളില്‍ നടത്തി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 52 സംവാദ സദസ്സുകളും കോളേജ് വിദ്യാര്‍ത്ഥികളുടെ സദസ്സും ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ച് 27 ലഹരിവിരുദ്ധ പരിപാടിയും നടത്തി. ലഹരിക്കെതിരെ കായിക ലഹരി എന്ന ലക്ഷ്യവുമായി വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വോളിബോള്‍ ഹാന്‍ഡ് ബോള്‍, ഖൊ ഖൊ എന്നീ ഇനങ്ങളില്‍ മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ 13 സ്‌കൂള്‍ മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു. പോലീസ് വകുപ്പുമായി ചേര്‍ന്ന് ജില്ലയിലെ മൂന്നിടങ്ങളില്‍ അധ്യാപകര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കോഴിക്കോട് കെമിക്കല്‍ ലാബിലേക്ക് കള്ളുഷാപ്പുകളില്‍ നിന്നുള്ള 26 സാമ്പിളുകള്‍ അയച്ചു. കെമിക്കല്‍ ലാബില്‍ നിന്നും രാസ പരിശോധന ഫലം ലഭ്യമായിട്ടില്ല. ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള 50 ഓളം കോളനികള്‍ സന്ദര്‍ശിക്കുകയും ജാഗ്രതാ സമിതികള്‍ സംഘടിപ്പിക്കുകയും ചെയ്തു. ജില്ലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു ചുറ്റുപാടുമുള്ള കടകളിലും നിരന്തരമായ പരിശോധനകള്‍ നടത്തിവരുന്നു. യോഗത്തില്‍ ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി പി.കെ.സാബു, വിവിധ രാഷ്ട്രീയ പ്രതിനിധികളായ രവി കുളങ്ങര, ഷെരീഫ് കൊടുവഞ്ചി, ഹസൈനാര്‍ നുള്ളിപ്പാടി, വിവിധ വകുപ്പ് പ്രതിനിധികളായ ഇ.ടി.ഷിജു, ആര്‍.രജിത്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എച്ച്.നൂറുദ്ദീന്‍, വിമുക്തി മാനേജര്‍ എസ്.പ്രമോദ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023