രജിസ്‌ട്രേഷന്‍ വകുപ്പിനെ ജനസൗഹൃദമാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി: ആധാര പകര്‍പ്പ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വേഗത്തില്‍ കൈപ്പറ്റാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി.
അണ്ടത്തോട് സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു.
തൃശൂർ : രജിസ്‌ട്രേഷന്‍ വകുപ്പിനെ ജനസൗഹൃദമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് രജിസ്ട്രേഷന്‍- ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. അണ്ടത്തോട് സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ആധുനികവത്കരണത്തിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. സര്‍ക്കാരിന്റെ വരുമാന സ്രോതസില്‍ രണ്ടാം സ്ഥാനം രജിസ്‌ട്രേഷന്‍ വകുപ്പിനാണ്. ആധാര പകര്‍പ്പ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വേഗത്തില്‍ കൈപ്പറ്റാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അണ്ടത്തോട് സബ് രജിസ്ട്രാര്‍ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ എന്‍ കെ അക്ബര്‍ എം എല്‍ എ അധ്യക്ഷനായി. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍ സി രാകേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ജാസ്മിന്‍ ഷെഹീര്‍, ടി വി സുരേന്ദ്രന്‍, എന്‍ എം കെ നബീല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രീഷ്മ ഷനോജ്, വാര്‍ഡ് മെമ്പര്‍ അജിത, രജിസ്ട്രാര്‍ ജോയിന്റ് ഇന്‍സ്‌പെക്ടര്‍ പി കെ സാജന്‍, ഉത്തര മേഖലാ രജിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഒ എ സതീശ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
1885 ഏപ്രില്‍ ഒന്നിനാണ് അണ്ടത്തോട് സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. പ്രതിവര്‍ഷം ശരാശരി 9000ല്‍ അധികം ബാധ്യതാ സര്‍ട്ടിഫിക്കറ്റുകളും 4000ല്‍ അധികം ആധാരപ്പകര്‍പ്പുകളും 3000ല്‍ അധികം ആധാരങ്ങളും വരുന്ന ഓഫീസാണിത്. ഓഫീസ് ഫയലുകളും വാല്യങ്ങളും സൂക്ഷിക്കാനുള്ള സ്ഥലസൗകര്യം പരിമിതമായതിനാലും കാലപ്പഴക്കത്താല്‍ കെട്ടിടത്തിന്റെ ചുമരുകള്‍ക്ക് വിള്ളലുകള്‍ വീണതിനാലും പുതിയ കെട്ടിടം അനിവാര്യമായിരുന്നു. എന്‍ കെ അക്ബര്‍ എം എല്‍ എ യുടെ പ്രത്യേക ഇടപെടലിലൂടെയാണ് കെട്ടിട നിര്‍മാണത്തിന് തുക ലഭ്യമായത്. പുന്നയൂര്‍ക്കുളം, പുന്നയൂര്‍, വടക്കേക്കാട് പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പുന്നയൂര്‍ക്കുളം, കടിക്കാട്, പുന്നയൂര്‍, വടക്കേക്കാട്, വൈലത്തൂര്‍, എടക്കഴിയൂര്‍ എന്നീ ആറ് വില്ലേജുകളിലെ ഗുണഭോക്താക്കള്‍ അണ്ടത്തോട് സബ് രജിസ്റ്റര്‍ ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നവയാണ്.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.87 കോടി രൂപ ചെലവിട്ട് 539.90 ചതുരശ്ര മീറ്ററില്‍ രണ്ട് നിലകളിലായാണ് കെട്ടിടം പണിതത്. താഴത്തെ നിലയില്‍ സബ് രജിസ്ട്രാര്‍ റൂം, ഓഫീസ് റൂം, ലൈബ്രറി, ഓഡിറ്റ് റൂം , ഡൈനിങ് ഹാള്‍, വെയിറ്റിംഗ് ഏരിയ, നാല് ശുചിമുറികളും ഒരു ഭിന്നശേഷി സൗഹൃദ ശുചിമുറിയും മുകളിലത്തെ നിലയില്‍ റെക്കോര്‍ഡ് റൂമുമാണ് ഒരിക്കിയിട്ടുള്ളത്. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനായിരുന്നു നിര്‍മാണ ചുമതല.
Comments