കണ്ണൂർ പള്ളിക്കുന്ന് പന്ന്യൻപാറയിൽ വീട് പൂട്ടി കല്യാണത്തിന് പോയ സമയം വീട്ടിൽ കയറി സ്വർണ്ണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ആഷിഫ് കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ; റെയിൽ വഴി നടന്നു പോയി പകൽ മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി,
കണ്ണൂർ : പള്ളിക്കുന്ന് പന്ന്യൻപാറയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ആഷിഫ് കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ.
ഈ മാസം 25ന് ഞായറാഴ്ച രാവിലെ10.30 മണിക്ക് പന്ന്യൻപാറയിൽ വീട് പൂട്ടി പാപ്പിനിശ്ശേരിയിൽ കല്യാണത്തിന് പോയ സമയത്താണ് വീടിന്റെ പിൻ ഭാഗത്തെ ഗ്രിൽസ്സും വാതിലും കുത്തിതുറന്നു 19 പവൻ സ്വർണം മോഷ്ടിച്ചത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി വീട് കവർച്ച കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് ഗാർഡൻ വളപ്പിൽ ആഷിഫ് അബ്ദുള്ള (23) നെയാണ് കണ്ണൂർ ടൗൺ പോലീസ് നീലേശ്വരം വച്ചു അതിസാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ടു ഓടി രക്ഷപ്പെട്ട പ്രതിയെ രാത്രി റെയിൽ പാളത്തിലൂടെ പിന്തുടർന്ന് പിറകെ ഓടിയാണ് ഹോസ്ദുർഗ് പോലീസിന്റെ സഹായത്തോടെ ടൗൺ പോലീസ് പിടികൂടിയത്. പൂട്ടിയിട്ട് വീടുകളിൽ റെയിൽ വഴി നടന്നു പോയി പകൽ മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഈ മാസം 23ന് വളപട്ടണം വീട് കുത്തി തുറന്നു മോഷണം നടത്തിയതും ആഷിഫ് ആണെന്ന് തെളിഞ്ഞു. ചന്തേര, ചീമേനി, നീലേശ്വരം , ഹോസ്ദുർഗ്, കാസർക്കോട്, പഴയങ്ങാടി, പയ്യന്നുർ, വളപ്പട്ടണം , കണ്ണൂർ ടൗൺ ഉൾപ്പെടെ 12 ഓളം വീട് കുത്തിതുറന്നു മോഷണ കേസുകളിൽ പ്രതിയായ ആഷിഫ് 6 മാസത്തെ കാപ്പ തടവ് തൃശൂർ ഹൈടെക് സുരക്ഷ ജയിലിൽ അനുഭവിച്ചു ഈ മാസം 16നാണ് പുറത്തിറങ്ങിയത്. സിസിടിവികൾ പരിശോധിച്ചും കെ9 ഡോഗ് റിക്കിയുടെ സഹായത്തോടെ ആണ് പ്രതി പോയ വഴി മനസിലാക്കിയാണ് 48 മണിക്കൂറിനകം പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹൻ, എസ്.ഐമാരായ ഷമീൽ, സവ്യാ സച്ചി, എം. അജയൻ, എ.എസ്.ഐ രഞ്ജിത്ത്, എസ്.സി.പി.ഒ നാസർ, ഷൈജു, രാജേഷ്, സിപിഒമാരായ റമീസ്, ഷിനോജ്, സനൂപ്, ബാബുമണി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
- അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം കണ്ണൂർ ഡെസ്ക്.
Comments