കണ്ണൂർ നഗരത്തിൽ ഹോട്ടലുകളിൽ നിന്നും ഉപയോഗശൂന്യമായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു; ഒരു ഹോട്ടൽ പൂട്ടിച്ചു, വരും ദിവസങ്ങളിലും വ്യാപക പരിശോധന നടത്തുമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ.
കണ്ണൂർ : കണ്ണൂർ നഗരത്തിൽ ഹോട്ടലുകളിൽ നിന്നും ഉപയോഗശൂന്യമായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു. കണ്ണൂരിൽ കോർപറേഷൻ ആരോഗ്യ വിഭാഗം ഹോട്ടലുകളിലും ഭക്ഷ്യ ഉത്പാദന ശാലകളിലും നടത്തിയ വ്യാപക പരിശോധനയിലാണ് പഴകിയതും ഉപയോഗശൂന്യമായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തത്. ഒരു ഹോട്ടൽ പൂട്ടിച്ചു. പയ്യാമ്പലം ഗസ്റ്റ് ഹൗസ് റോഡിൽ വി ദേശി ധാഭ ഹോട്ടലാണ് പൂട്ടിച്ചത്. പഴയ ഭക്ഷണ സാധനങ്ങൾ പിടികൂടിയതിന് പുറമേ തീരെ ശുചിത്വ നിലവാരം പുലർത്താത്തതിനാലാണ് ഈ ഹോട്ടൽ അടച്ചു പൂട്ടിച്ചത്. സിറ്റി സെന്ററിലെ കാനോയ് റെസ്റ്റോറന്റ്, എസ്.എൻ പാർക്ക് റോഡിലെ കണ്ണൂർ ബീച്ച് ക്ലബ്, എന്നിവിടങ്ങളിൽ നിന്നും പഴയതും ഉപയോഗ ശൂന്യമായതുമായതുമായ ഭക്ഷണം പിടികൂടിയത്. പഴകിയതും പാചകം ചെയ്തതുമായ ചിക്കൻ, ചില്ലി ചിക്കൻ, ചിക്കൻ ടിക്ക, കബാബ്, നൂഡിൽസ്, ഫ്രൈഡ് റൈസ്, നെയ്‌ച്ചോർ, ഉപയോഗിച്ച് പഴകിയ പാചക എണ്ണ, കാലാവധി കഴിഞ്ഞ പാൽ, ബ്രെഡ് തുടങ്ങിയവയാണ് പിടികൂടിയത്. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സുധീർ ബാബു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.ആർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാപക പരിശോധന നടത്തിയത്. ഇരുപതോളം ഹോട്ടലുകൾ ബേക്കറികൾ, കൂൾ ബാർ തുടങ്ങിയ ഇടങ്ങളിലാണ് പരിശോധനാ നടത്തിയത്. വരും ദിവസങ്ങളിലും വ്യാപക പരിശോധന നടത്തുമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
- ന്യൂസ് ഓഫ് കേരളം.
Comments