കണ്ണൂർ വിസിക്ക് എതിരെയുള്ള സുപ്രീംകോടതിവിധി പിണറായി സർക്കാരിന്റെ വഴിവിട്ട നിയമനങ്ങൾക്കുള്ള താക്കീത്: കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട്.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വധി പിണറായി സർക്കാരിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയും വഴിവിട്ട നിയമനങ്ങൾക്കുള്ള ശക്തമായ താക്കീതുമാണെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
എല്ലാ തരത്തിലുള്ള ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി നിയമ സംവിധാനങ്ങളെ പോലും വെല്ലുവിളിച്ച് സിപിഎം നേതൃത്വത്തിൽ , പിണറായി വിജയൻ മുൻകൈയ്യെടുത്ത് നടപ്പിലാക്കിയ പുനർനിയമനം റദ്ദാക്കിയതിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലനിൽപ്പിനുള്ള അവസാന പ്രതീക്ഷയായി നമ്മുടെ ജുഡീഷ്യൽ സംവിധാനം മാറിയെന്നും മുഹമ്മദ് ഷമ്മാസ് കൂട്ടിച്ചേർത്തു.
സിപിഎം നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും വേണ്ടി യൂണിവേഴ്സിറ്റിയിൽ അനധികൃത നിയമനങ്ങൾ നടത്താനും, സർവ്വകലാശാലയിൽ മറ്റ് തരത്തിൽ വിവിധ സാമ്പത്തിക അഴിമതികൾക്കും വേണ്ടിയായിരുന്നു ലക്ഷങ്ങൾ ചെലവഴിച്ച് വിസിയുടെ പുനർ നിയമനത്തിനായി സർക്കാരും സിപിഎമ്മും സുപ്രീംകോടതി വരെ പോയതെന്നും ഇതിനിടയിൽ കേസ് പരിഗണിക്കുന്ന ജഡ്ജിയെ സർവ്വകലാശാലയുടെ പരിപാടിയിൽ ക്ഷണിച്ചത് ഉൾപ്പെടെ വിധി അട്ടിമറിക്കാനുള്ള നാണംകെട്ട രീതികൾ വരെ ഉണ്ടായിട്ടും ഒടുവിൽ സത്യം ജയിച്ചിരിക്കുകയാണ്.
ഈ വഴിവിട്ട പുനർ നിയമനത്തിന് ചുക്കാൻ പിടിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉൾപ്പെടെയുള്ളവർ ആ സ്ഥാനത്ത് തുടരാൻ യോഗ്യരല്ലെന്നും ആത്മാഭിമാനമുണ്ടെങ്കിൽ രാജിവെക്കണമെന്നും പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു
Comments