മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. സിറിയക് ജോണ്‍ അന്തരിച്ചു.
കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. സിറിയക് ജോണ്‍ (90) അന്തരിച്ചു. കോഴിക്കോട് കോവൂരിലെ മകന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വിശ്രമ ജീവിതം നയിച്ചു വരുകയായിരുന്നു. വര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് 5.30ന് കട്ടിപ്പാറ തിരുകുടുംബ ദേവാലയത്തില്‍. ഇന്ന് രാവിലെ 10ന് മൃതദേഹം കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും.
കട്ടിപ്പാറ പറതൂക്കിയേല്‍ പരേതനായ ജോണിന്റെ മകനാണ്. കല്‍പ്പറ്റ നിയമസഭാമണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് (ആര്‍) പ്രതിനിധിയായി നാലാം കേരള നിയമസഭയിലും തിരുവമ്പാടിയില്‍ നിന്ന് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി. 1982-83 കാലഘട്ടത്തില്‍ കരുണാകരന്‍ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്തിയുമായിരുന്നു. തുടര്‍ച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും തുടര്‍ച്ചയായായി നാലുതവണ പരാജയപ്പെടുകയും ചെയ്തു. എന്‍സിപിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയോര ജനതയുടെ വികസനത്തിനായി പ്രയത്‌നിച്ച കുടിയേറ്റ കര്‍ഷക നേതാവായിരുന്നു. താമരശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സംസ്ഥാന മാര്‍ക്കറ്റിംഗ് സഹകരണാ ഫെഡറേഷന്‍ പ്രസിഡന്റ്, ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കെപിസിസി, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു.
ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കള്‍: ബാബു സിറിയക് (മംഗലാപുരം), ബീന, മിനി, മനോജ് സിറിയക്, വിനോദ് സിറിയക് (ആര്‍ക്കിടെക്റ്റ്). മരുമക്കള്‍: പരേതയായ സിന്‍സി, ജോയ് തോമസ് വട്ടക്കാനായില്‍ (റിട്ട. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍, പിഡബ്ല്യൂഡി), ജോസ് മേല്‍വട്ടം (പ്ലാന്റര്‍, ഈങ്ങാപ്പുഴ), അനിത ചൗധരി (ആര്‍ക്കിടെക്റ്റ്).
Comments