നിലവിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും വിഭാഗത്തിന് അവർക്കുള്ള സംവരണം കുറയുമെന്ന ആശങ്ക വേണ്ട: മുഖ്യമന്ത്രി; ജാതി അടിസ്ഥാനത്തിൽ മാത്രം അല്ലാത്ത സംവരണം കേരളത്തിന്റെ പ്രത്യേകതയാണെന്ന് മുഖ്യമന്ത്രി. 26

 


കോഴിക്കോട് : നിലവിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും വിഭാഗത്തിന് അവർക്കുള്ള സംവരണം കുറയുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിലെ നവകേരള സദസ്സിന്റെ മൂന്നാം ദിവസം ഓമശ്ശേരിയിൽ നടന്ന പ്രഭാതയോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംവരണം ലഭിക്കുന്ന ഏതെങ്കിലും വിഭാഗത്തിന്റെ സംവരണം കുറയ്ക്കുക എന്ന നയം സർക്കാരിനില്ല. പുതിയ ചില വിഭാഗങ്ങൾ സംവരണത്തിലേക്ക് വരും. അങ്ങനെ വരുമ്പോൾ ആ വിഭാഗത്തിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ എണ്ണം കൂടും, മുഖ്യമന്ത്രി വിശദീകരിച്ചു. അതാത് സമിതിയുടെ നിർദേശമനുസരിച്ചു എല്ലാവരുമായും ആലോചിച്ചാണ് പുതിയ വിഭാഗത്തെ സംവരണത്തിലേക്ക് കൊണ്ടുവരിക. അത് സ്വഭാവികമാണ്, അതിന് നിയതമായ രീതികളും ഉണ്ട്.
ജാതി അടിസ്ഥാനത്തിൽ മാത്രം അല്ലാത്ത സംവരണം കേരളത്തിന്റെ പ്രത്യേകതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസ്ഥാപിതമായ രീതിയിലാണ് സംസ്ഥാനത്തു സംവരണം നടപ്പാക്കുന്നത്. ഇതും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്, അദ്ദേഹം പറഞ്ഞു. സംവരണ വിഷയം ധൃതി കാണിക്കേണ്ട ഒന്നല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ സംവരണ രീതി മാറ്റണം എന്ന ആവശ്യമൊക്കെ ഉയരുന്നുണ്ടെങ്കിലും സംവരണത്തിൽ തൊട്ടുകളി വേണ്ട എന്നതാണ് പൊതുവിൽ സർക്കാർ സ്വീകരിച്ച നിലപാട്.
മാനസിക വെല്ലുവിളി നേരിടുന്നവരുടെ അവസ്ഥ കാര്യമായി ശ്രദ്ധിക്കുന്ന സ്ഥിതിയുണ്ടാകണം. കുടുംബവും സമൂഹവും അത് രോഗവസ്ഥയാണെന്ന് കണ്ടുപെരുമാറണം. ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ നല്ല രീതിയിൽ സർക്കാർ ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ മൂന്ന് മാനസിക ചികിത്സാ കേന്ദ്രങ്ങളും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇവ ശക്തിപ്പെടുത്തും.
നമ്മുടെ യൂണിവേഴ്‌സിറ്റികളും കോളേജുകളും കാലത്തിനനുസരിച്ചു മാറണം. കാലാനുസൃതമായ കോഴ്‌സുകൾ, ലൈബ്രറി, ലാബ്, മറ്റ് അക്കാദമിക സൗകര്യങ്ങൾ എല്ലാം വേണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ മികച്ച മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റി എ ++ ഗ്രേയ്ഡും മറ്റു യൂണിവേഴ്‌സിറ്റികൾക്ക് എ ഗ്രേഡും ലഭിച്ചു.
നഴ്‌സിംഗ് മേഖലയിൽ സർക്കാർ കോളേജുകളിൽ മാത്രം 400ൽ അധികം പുതിയ സീറ്റുകൾ സൃഷ്ടിച്ചു. ആകെ 1500 സീറ്റുകളാണ് ഇങ്ങനെ വർധിപ്പിച്ചത്. അറബിക് സർവകലാശാല എന്ന ആശയം പരിഗണനയിലുണ്ട്.
ഭൂമിതരംമാറ്റം വേഗതയിൽ ആക്കുക എന്നതാണ് സർക്കാർ കാണുന്നത്. നേരത്തെ ആർ.ഡി.ഒയ്ക്ക് മാത്രം ഉണ്ടായിരുന്ന ഭൂമിതരംമാറ്റത്തിനുള്ള അധികാരം ഇപ്പോൾ ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി നൽകി. എങ്കിലും നടപടികൾക്കുള്ള വേഗത ഇനിയും കൂട്ടണം എന്നാണ് നിലപാട്. സർക്കാർ ഫയൽനീക്കം നല്ല രീതിയിൽ ഉണ്ടായിട്ടുണ്ട്. എങ്കിലും മുഴുവനുമായിട്ടില്ല.
കോഴിക്കോട് ജില്ലയിലെ വ്യവസായ യൂണിറ്റുകൾക്ക് നൽകാനുള്ള പണം കൊടുക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൈബർ രംഗത്ത് പോലീസിന് ആവശ്യമായ പരിശീലനം നൽകുന്നുണ്ട്. വിദേശ എംബസികളിൽ മലയാളി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ ഭാഗമായി പോസ്റ്റ്‌മോർട്ടം കാണാനുള്ള നടപടി സ്വീകരിച്ചുകഴിഞ്ഞു. ലൈഫ് മിഷൻ പദ്ധതി ത്വരിതപ്പെടുത്തും. ലഹരി മാഫിയക്കെതിരെ സ്വീകരിച്ചുവരുന്ന കർശനനടപടികൾ തുടരും.
പ്രഭാതയോഗത്തിൽ മുസ്ലിം സംവരണ വിഷയം മുതൽ വോളിബോൾ താരങ്ങൾക്ക് തുല്യത സർട്ടിഫിക്കറ്റ് ലഭിക്കാത്ത വിഷയങ്ങളിൽ വരെ അഭിപ്രായങ്ങളും നിർദേശങ്ങളും ഉയർന്നു. പാഠ്യവിഷയത്തിൽ നാടകം ഉൾപ്പെടുത്തണം, നരിക്കുനിയിലെ ആരോഗ്യകേന്ദ്രം താലൂക് തലത്തിലേക്ക് ഉയർത്തൽ, കുന്ദമംഗലത്തെ താലൂക്കായി ഉയർത്തൽ, സംസ്ഥാന പാതകളിൽ ബസ് ബേകൾ നിർമിക്കൽ, പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സി. സി ടി.വി സ്ഥാപിക്കൽ, മാനസിക വെല്ലുവിളി നേരിടുന്നവരുടെ എണ്ണത്തിലെ വർധന, പൂട്ടിയ കുന്നത്തറ ടെക്‌സ്‌റ്റൈൽസ് സിനിമ ചിത്രീകരണത്തിന് വിട്ടുനൽകൽ, ഗിരീഷ് പുത്തഞ്ചേരിക്ക് സ്മാരകം നിർമ്മിക്കൽ, മദ്രസ അധ്യാപകരെ നൈപുണ്യ പരിശീലനത്തിൽ ഉൾപ്പെടുത്തൽ തുടങ്ങിയ വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ ഉയർന്നു.
നവകേരള സദസ്സ് പരിപാടിയെ സംസാരിച്ച എല്ലാവരും അഭിനന്ദിച്ചു. പൗരത്വഭേദഗതി ബിൽ, ഏകസിവിൽ കോഡ് എന്നീ വിഷയങ്ങളിലെ സർക്കാർ നിലപാടും പ്രശംസിക്കപ്പെട്ടു.
നടി സുരഭി ലക്ഷ്മി, ജയരാജ് കുന്നമംഗലം, സബൂർ തങ്ങൾ, മതസാമുദായിക നേതാക്കളായ ഉമർ ഫൈസി, ഡോ ഹുസൈൻ മടവൂർ, ചലച്ചിത്ര പ്രവർത്തകൻ ഗിരീഷ് ദമോദർ, മാധവൻ നമ്പൂതിരിപ്പാട്, എൻ അലി അബ്ദുള്ള, വ്യവസായി ഖാലിദ്, ഷംസുദ്ദിൻ തുടങ്ങിയവർ സംവദിച്ചു.
താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, പദ്മശ്രീ അലിമണിക്ഫാൻ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023