ഷവർമ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ മിന്നൽ പരിശോധന; 1287 കേന്ദ്രങ്ങളിൽ പരിശോധന; 148 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു, നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി. 25




കടയുടമകൾ ഷവർമ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഷവർമ വിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകൾ 1287 ഷവർമ വിൽപന കേന്ദ്രങ്ങളിൽ പരിശോധനകൾ പൂർത്തിയാക്കി. മാനദണ്ഡങ്ങളിൽ ലംഘനം വരുത്തിയ 148 സ്ഥാപനങ്ങളിലെ ഷവർമ്മ വിൽപന നിർത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങൾക്ക് റക്ടിഫിക്കേഷൻ നോട്ടീസും 308 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങൾക്കെരെയും നടപടിയെടുത്തു. പരിശോധനകൾ തുടരുന്നതാണ്. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഷവർമ വിൽപന കേന്ദ്രങ്ങളെല്ലാം കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നയിടവും പാകം ചെയ്യുന്ന ഇടവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. കാറ്റും പൊടിയും കയറുന്ന രീതിയിൽ തുറന്ന സ്ഥലങ്ങളിൽ ഷവർമ കോണുകൾ വയ്ക്കാൻ പാടില്ല. ഷവർമ തയാറാക്കാൻ ഉപയോഗിക്കുന്ന ഫ്രീസറുകൾ (18 ഡിഗ്രി സെൽഷ്യസ്) ചില്ലറുകൾ (4 ഡിഗ്രി സെൽഷ്യസ്) എന്നിവ കൃത്യമായ ഊഷ്മാവിൽ വേണം പ്രവർത്തിക്കാൻ. ഇതിനായി ടെമ്പറേച്ചർ മോണിറ്ററിംഗ് റെക്കോർഡ്സ് കടകളിൽ സൂക്ഷിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ കൃത്യമായും വ്യക്തിശുചിത്വം പാലിക്കുകയും മെഡിക്കൽ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് നേടുകയും വേണം.

ഷവർമയ്ക്കുപയോഗിക്കുന്ന ബ്രഡ്, കുബ്ബൂസ് എന്നിവ വാങ്ങുമ്പോൾ ലേബലിൽ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതായിരിക്കണം. ഷവർമ കോണുകൾ തയാറാക്കുന്ന മാംസം പഴകിയതാകാൻ പാടില്ല. കോണിൽ നിന്നും സ്ളൈസ് ചെയ്തെടുത്ത മാംസം, കൃത്യമായും മുഴുവനായും വേവുന്നതിനായി രണ്ടാമതൊന്നു കൂടി ഗ്രില്ലിംഗോ ഓവനിലെ ബേക്കിംഗോ ചെയ്യണം.

മയണൈസിനായി പാസ്ച്വറൈസ് ചെയ്ത മുട്ടകളോ അല്ലെങ്കിൽ പാസ്ച്വറൈസ്ഡ് മയണൈസോ മാത്രം ഉപയോഗിക്കുക. മയണൈസുകൾ രണ്ട് മണിക്കൂറിൽ കൂടുതൽ സാധാരണ ഊഷ്മാവിൽ വയ്ക്കരുത്. പാസ്ച്വറൈസ് ചെയ്ത മയണൈസ് ആണ് ഉപയോഗിക്കുന്നതെങ്കിൽ, ഒരിക്കൽ കവർ തുറന്ന് ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നത് നാല് ഡിഗ്രി സെൽഷ്യസ് ഊഷ്മാവിൽ സൂക്ഷിക്കണം. രണ്ട് ദിവസങ്ങളിൽ കൂടുതൽ ഉപയോഗിക്കുകയും ചെയ്യരുത്.

പാക്ക് ചെയ്ത് നൽകുന്ന ഷവർമയുടെ ലേബലിൽ പാകം ചെയ്തതു മുതൽ ഒരു മണിക്കൂർ വരെ ഉപയോഗിക്കാം എന്ന് വ്യക്തമായി ചേർക്കണം. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് നിയമ പ്രകാരം ഭക്ഷണ വിതരണ സ്ഥാപനങ്ങൾ എല്ലാം തന്നെ ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ എടുത്തു മാത്രമേ പ്രവർത്തിക്കാവൂ. ഇത് ലംഘിക്കുന്നവർക്കെതിരെ പത്ത് ലക്ഷം രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷ്ണർമാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ് കുമാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023