മാരക മയക്കുമരുന്നായ മെത്താഫിറ്റാമിൻ കാറിൽ കടത്തിയ കേസിൽ മമ്പറം പൊയനാട് സ്വദേശിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.
കണ്ണൂർ : മാരക മയക്കുമരുന്നായ മെത്താഫിറ്റാമിൻ കാറിൽ കടത്തിയ കേസിൽ മമ്പറം പൊയനാട് സ്വദേശിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. മമ്പറം - മൈലുള്ളി മെട്ടയിൽ വെച്ച് 156.744 ഗ്രാം മെത്താഫിറ്റാമിൻ കാറിൽ കടത്തിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മമ്പറം പൊയനാട് സ്വദേശിയായ പടിക്കൽ ഹൗസിൽ ഇബ്രാഹിം മകൻ ഇസ്മയിൽ പി.പി (36) യെ ആണ് വടകര എൻ.ഡി.പി.എസ്. കോടതി സ്പെഷ്യൽ ജഡ്ജ് സുരേഷ്ബാബു വി.പി.എം ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണം. 2022 ഒക്ടോബർ മാസം 30-ാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം. പിണറായി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ. സുബിൻരാജിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം മൈലുള്ളിമെട്ടയിൽ വെച്ചാണ് മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി പ്രതിയെ പിടികൂടിയത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിനു. കെ.പി, ജിനേഷ് നരിക്കോടൻ, ഉമേഷ് കെ,സ്മിനീഷ് യു, സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ സുകേഷ് പി. എന്നിവരുണ്ടായിരുന്നു. പിണറായി എക്സൈസ് റെയിഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറായ ടി. രാഗേഷ് തുടരന്വേഷണം നടത്തി. അസി. എക്സൈസ് കമ്മീഷണറുടെ അധിക ചുമതലയുണ്ടായിരുന്ന കണ്ണൂർ സ്ക്വാഡ് സി.ഐ. പിപി ജനാർദ്ധനൻ ആണ് അന്തിമകുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രൊസിക്യൂട്ടർ ഇ.വി. ലിജീഷ് ഹാജരായി.
Comments