കണ്ണൂരിൽ ലഹരി മരുന്ന് വേട്ട : കണ്ണൂർ സിറ്റി തയ്യിലിൽ വെച്ച് ഹാഷിഷും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ; അറസ്റ്റിലായ മുഹമ്മദ് സഫീർ കണ്ണൂർ ടൗൺ ഭാഗത്തു മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനി.
കണ്ണൂർ: കണ്ണൂർ സിറ്റി തയ്യിലിൽ വെച്ച് ഹാഷിഷും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം തയ്യിൽ - കുറുവ റോഡിൽ തയ്യിൽ വെച്ച് മാരക ലഹരി മരുന്നായ മെത്താംഫിറ്റാമിനും ഹാഷിഷുമായി യുവാവിനെ പിടികൂടി. കണ്ണൂർ തയ്യിൽ കുറുവ റൈസ് മില്ലിന് സമീപം പണ്ടാരവളപ്പ് സി.മുഹമ്മദ് സഫീറിനെ (23) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യിൽ നിന്നും 15 ഗ്രാമോളം മെത്താംഫിറ്റാമിനും, ഒന്നര ഗ്രാമോളം ഹാഷിഷും, മയക്കുമരുന്നുകൾ തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും എക്സൈസ് കണ്ടെടുത്തു. കണ്ണൂർ ടൗൺ ഭാഗത്തു മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ മുഹമ്മദ് സഫീറെന്ന് എക്സൈസ് പറഞ്ഞു. തൊണ്ടിമുതലുകളും കസ്റ്റഡിയിൽ എടുത്ത് കേസ് കണ്ണൂർ എക്സൈസ് റെയിഞ്ച് ഓഫീസിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരംകേസ് രജിസ്റ്റർ ചെയ്തു. കേസ് കണ്ടെടുത്ത എക്സൈസ് സംഘത്തിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഷമീനഎം.പി, ഷൈമ കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ പി, അനീഷ് ടി, ഗണേഷ് ബാബു, സജിത്ത് എം, രജിത്ത് കുമാർ എൻ, സീനിയർ എക്സൈസ് ഡ്രൈവർ അജിത്ത് സി, പ്രിവൻറീവ് ഓഫീസർ സർവജ്ഞൻ എം.പി എന്നിവരും ഉണ്ടായിരുന്നു. ഇയാൾ വധശ്രമ കേസിലെ പ്രതിയാണെന്നും എക്സൈസ് പറഞ്ഞു.
- ന്യൂസ് ഓഫ് കേരളം.
Comments