താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; അവധി ദിനങ്ങളില്‍ വൈകിട്ട് 3 മുതല്‍ രാത്രി 9 വരെ വലിയ വാഹനങ്ങള്‍ അനുവദിക്കില്ല. 28
കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ശക്തമായ സാഹചര്യത്തില്‍ അവധി ദിനങ്ങളില്‍ ഇതുവഴിയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉത്തരവിട്ടു. ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിനങ്ങള്‍, രണ്ടാംശനിയോട് ചേര്‍ന്ന് വരുന്ന വെള്ളിയാഴ്ചകള്‍ എന്നീ ദിവസങ്ങളില്‍ വൈകുന്നേരം 3 മണിക്കും 9 മണിക്കും ഇടയിലാണ് ഗതാഗത നിയന്ത്രണം.
ഈ ദിവസങ്ങളില്‍ 6 വീലില്‍ കൂടുതലുള്ള ടിപ്പറുകള്‍, 10 വീലില്‍ കൂടുതലുള്ള ചരക്ക് വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍, ട്രക്കുകള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ ചുരത്തിലൂടെ കടന്ന് പോകാന്‍ അനുവദിക്കില്ല. തിങ്കളാഴ്ച രാവിലെ 6 മുതല്‍ 9 മണി വരെയും ഈ നിരോധനം പ്രാബല്യത്തില്‍ ഉണ്ടാകും. ദുരന്തനിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉപയോഗിച്ചാണ് ജില്ലാതല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഈ നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ചുരത്തില്‍ ഉണ്ടാകുന്ന അപകടങ്ങള്‍, വാഹന തകരാറുകള്‍ എന്നിവ അടിയന്തരമായി പരിഹരിച്ച് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങളുടെ ഓപ്പറേറ്റര്‍മാര്‍, വാഹന അറ്റകുറ്റപ്പണി വിദഗ്ധര്‍ തുടങ്ങിയവരുടെ സേവനം വേഗത്തില്‍ ലഭ്യമാക്കുന്നതിനായി ഒരു എമര്‍ജന്‍സി സംവിധാനം ഏര്‍പ്പെടുത്താന്‍ താമരശ്ശേരി പോലീസിന് നിര്‍ദ്ദേശം നല്‍കി.ചുരത്തിൽ വാഹനങ്ങളുടെ പാർകിംഗിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി പാർക്ക് ചെയ്യുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.
Comments