കേരളത്തിന് അസാധ്യമായി ഒന്നുമില്ല, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം മുതല്‍ വിഴിഞ്ഞം സീ പോര്‍ട്ട് വരെ എത്തിനില്‍ക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റേതെന്ന് റവന്യൂ വകുപ്പ് മന്ത്രി. 28
കേരളത്തിന് അസാധ്യമായി ഒന്നുമില്ല, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം മുതല്‍ വിഴിഞ്ഞം സീ പോര്‍ട്ട് വരെ എത്തിനില്‍ക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റേതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. നവ കേരള സദസ്സ് തൃശ്ശൂര്‍ നിയോജകമണ്ഡലംതല സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചരിത്രത്തില്‍ സമാനതകളില്ലാത്ത വികസനങ്ങളുമായാണ് കേരളം മുന്നോട്ടുപോകുന്നത്. പ്രതിസന്ധി ഘട്ടത്തിലും സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ച്ചേര്‍ത്ത് വികസനം ഉറപ്പാക്കി. കേരളം കോവിഡിനെ നേരിട്ടതില്‍ ഉള്‍പ്പെടെയുള്ള പലകാര്യങ്ങളിലും ലോകത്തിന് മാതൃകയാണ്. നവ കേരള സദസ്സിലൂടെ ഓരോ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം 2001 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ചെയര്‍മാനായി തൃശ്ശൂര്‍ നിയോജക മണ്ഡലം എംഎല്‍എ പി ബാലചന്ദ്രനെയും രക്ഷാധികാരികളായി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗ്ഗീസ്, മുന്‍ റവന്യൂ വകുപ്പ് മന്ത്രി കെ പി രാജേന്ദ്രന്‍, മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ്, മുന്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, മുന്‍ എംഎല്‍എയും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം കെ കണ്ണന്‍ എന്നിവരെയും കോര്‍ഡിനേറ്ററായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി ആര്‍ മായയേയും തിരഞ്ഞെടുത്തു. 9 വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ഡിസംബര്‍ അഞ്ചിന് വൈകീട്ട് ആറുമണിക്ക് നവ കേരള സദസ്സ് നടക്കും. സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വാര്‍ഡ്, കുടുംബയോഗങ്ങളും സംഘടിപ്പിച്ച് മണ്ഡലത്തിലെ മുഴുവന്‍ ആളുകളെയും നവ കേരള സദസ്സില്‍ ഭാഗമാക്കും. എല്ലാവരുടെ പരാതികളും പരിഗണിക്കുന്നതിനുള്ള വിപുലമായ സജ്ജീകരണമാണ് സംഘാടകസമിതി ഒരുക്കുന്നത്. സംഘാടകസമിതി രൂപീകരണ യോഗത്തില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി, കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി ആര്‍ മായ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷാജന്‍, ടാക്സ് അപ്പീല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാറാമ്മ റോബ്സണ്‍, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ ഡി ജോസഫ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments