കണ്ണൂർ റെയിൽവെ പോലീസിൻ്റെ ജാഗ്രത; മലബാർ എക്സ്പ്രസിൽ മോഷണ പരമ്പര നടത്തിയ പ്രതികളെ ട്രെയിനിൽ വച്ച് തന്നെ പിടികൂടി. 26
കണ്ണൂർ: ട്രെയിനിൽ കവർച്ച നടത്തിയ മോഷ്ടാക്കളെ മണിക്കൂറുകൾക്കകം വലയിലാക്കി കണ്ണൂർ റെയിൽവെ പോലീസിലെ സുരേഷ് കക്കറയും മഹേഷും. ഇന്ന് തിരുവനന്തപുരം മംഗലാപുരം മലബാർ എക്സ്പ്രസിൽ തൃശ്ശൂരിൽ നിന്നും കണ്ണൂർ വരെ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇവർ S 4 കോച്ചിൽ കൊല്ലത്തുനിന്നും കോഴിക്കോട് വരെ യാത്ര ചെയ്യുകയായിരുന്നു ഒരു ബിഡിഎസ് വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ കളവ് പോയതായി അറിയുകയും ഇതിനിടെ S 9 കോച്ചിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടിടിഇയുടെ ലോക്ക് ചെയ്ത ബാഗ് പൊട്ടിച്ചെടുത്തു കൊണ്ടുപോകാൻ ശ്രമിച്ചതായ വിവരവും ലഭിച്ചു. ഇതിനിടെ A 1 കോച്ചിൽ കോഴിക്കോട് വരെ യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരന്റെ പേഴ്സ് കളവ് പോയതായും അറിഞ്ഞു. പ്രതികൾ ട്രെയിനിൽ ഉണ്ടെന്നും ഷൊർണൂറിൽ എത്തിയാൽ ഇറങ്ങിപ്പോകാൻ സാധ്യതയുണ്ട് എന്ന് നിരീക്ഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇരുവരും പെട്ടെന്ന് തന്നെ കോച്ചുകളിൽ പരിശോധന നടത്തി വരവെ പോലീസ് ഉദ്യോഗസ്ഥരെ കണ്ട പ്രതികളായ രണ്ടു യുവാക്കൾ HA1 കോച്ചിന്റെ ബാത്റൂമിൽ കയറി ഒളിക്കുകയും ചെയ്തു .ഡോർ തുറക്കാൻ ആവശ്യപ്പെട്ടിട്ടും തുറക്കാതിരുന്നതിനാൽ ട്രെയിൻ ഷോർണൂരിൽ എത്തിയ സമയത്ത് ജിആർപി യുടെയും റെയിൽവേ ജീവനക്കാരുടെയും സഹായത്തോടുകൂടി പ്രസ്തുത ഡോർ പൊളിച്ച് മതിയായ ബലംപ്രയോഗിച്ച് പ്രതികളെ കീഴ്പ്പെടുത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മോഷണം ചെയ്ത മൊബൈൽ ഫോൺ ട്രെയിനിനുള്ളിൽ തന്നെ വെച്ച് നശിപ്പിച്ച് ക്ലോസറ്റിൽ നിക്ഷേപിച്ചതായി കണ്ടെത്തി. ഫോർട്ട് കൊച്ചി സ്വദേശി തൻസീറും, പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയുമാണ് മോഷണ പരമ്പര നടത്തിയത്. നിരവധി എൻ.ഡി.പി.എസ് കേസുകളിൽ പ്രതികളായവരാണെന്നും ഇതിൽ തൻസീർ കോഴിക്കോട് ബീവറേജ് കുത്തി തുറന്ന കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. യാത്രക്കാരായ ഇരുവരുടെയും പരാതി സഹിതം പ്രതികളെ തുടർ ചോദ്യം ചെയ്യുന്നതിനും മറ്റ് നിയമനടപടികൾ സ്വീകരിക്കുന്നതിനും ആയി ഷൊർണൂർ ജിആർപിക്ക് കൈമാറി. ഈ സംഭവവുമായി ബന്ധപ്പെട്ട് മലബാർ എക്സ്പ്രസ് 20 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. ട്രെയിനിൽ ഒരു മോഷണ പരമ്പര തന്നെ സൃഷ്ടിച്ച പ്രതികളെ യഥാസമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലുകൾ കൊണ്ടാണ് പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടുള്ളത്.
Comments