ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് മലയോര ഹൈവേ സഹായകരമാകും : മന്ത്രി പി എ മുഹമ്മദ് റിയാസ്; 2026 ഓടെ സംസ്ഥാനത്ത് മലയോര ഹൈവേയുടെ പ്രവൃത്തി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മന്ത്രി. 30
കോഴിക്കോട് : ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് മലയോര ഹൈവേ സഹായകരമാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതുവഴി പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികാസവും സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. തലയാട് മുതൽ മലപുറം വരെയുള്ള മലയോര ഹൈവേയുടെ നിർമ്മാണ ഉദ്ഘാടനം കട്ടിപ്പാറ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഇതിനോടകം 683 കിലോമീറ്റർ മലയോര ഹൈവേ യാഥാർത്ഥ്യമായിട്ടുണ്ട്. ആകെയുള്ള പ്രവൃത്തിയുടെ 50 ശതമാനമാണിത്. 293 കിലോ മീറ്റർ പ്രവൃത്തി പുരോഗമിക്കുകയാണ്. 735 കിലോമീറ്റർ മലയോര ഹൈവേയുടെ പ്രവൃത്തിക്ക് സാമ്പത്തിക അനുമതി ലഭിച്ച് പ്രവൃത്തി ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2985 കോടി രൂപ ഇതിനകം അനുവദിച്ചു കഴിഞ്ഞു. 2026 ഓടെ സംസ്ഥാനത്ത് മലയോര ഹൈവേയുടെ പ്രവൃത്തി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
50 കോടി രൂപ ചിലവഴിച്ച് നിർമിക്കുന്ന തലയാട് മുതൽ മലപുറം വരെയുള്ള റീച്ചിന്റെ പ്രവൃത്തി 2025 പകുതിയോടെ പൂർത്തീകരിക്കാനുള്ള ഇടപെടൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലൂടെ 119 കിലോമീറ്ററിലാണ് മലയോര ഹൈവേയുടെ നിർമാണം. ആകെയുള്ള 9 റീച്ചുകളിൽ 3 റീച്ചുകളിൽ ഇതിനകം നിർമാണ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. കോടഞ്ചേരി കക്കാടംപൊയിൽ റീച്ച് അന്തിമ ഘട്ടത്തിലെത്തിയതായും മന്ത്രി പറഞ്ഞു. എം കെ മുനീർ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി പഞ്ചായത്തുകളിലൂടെയാണ് മലയാര ഹൈവേ കടന്നുപോകുന്നത്. 57.95 കോടി രൂപയുടെ കിഫ്ബി ഭരണാനുമതിയിൽ നിർമ്മിക്കുന്ന റോഡ് ആകെ 9.9 കിലോമീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലാണ് നിർമ്മിക്കുന്നത്. ഏഴ് മീറ്റർ വീതിയിലുള്ള റോഡും, ആവശ്യമായ സ്ഥലങ്ങളിൽ ഡ്രെയിനേജ് കലുങ്കുകൾ, പാർശ്വഭിത്തികൾ, ഇന്റർലോക്ക്, കോൺക്രീറ്റ് ഷോൾഡൻ എന്നിവ ഉൾപ്പെടുന്ന രീതിയിലാണ് റോഡ് നിർമ്മാണം.
റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ പനങ്ങാട്, കട്ടിപ്പാറ, കക്കയം, തോണിക്കടവ്, കൂരാച്ചുണ്ട് ഭാഗങ്ങളിൽ നിന്നും എൻഎച്ച് 766 ലേക്ക് അതിവേഗം എത്തിച്ചേരാൻ സാധിക്കും. എംഎൽഎ മാരായ ലിന്റോ ജോസഫ്, കെ എം സച്ചിൻദേവ് എന്നിവർ വിശിഷ്ടാതിഥികളായി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോൺ ജീവൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മുഹമ്മദ് മോയത്ത്, നജുമുന്നീസ ഷെരിഫ്, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിൻസി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ റംസീന, അംബിക മംഗലത്ത്, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻന്മാർ ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ അബ്ദുൽ അസീസ് സ്വാഗതവും അസി. എഞ്ചിനിയർ അബ്ദുൽ ഫുക്കാറലി നന്ദിയും പറഞ്ഞു
Comments