സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ ബാങ്കുകളാണെന്നും സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കുകയില്ലെന്നും മുഖ്യമന്ത്രി; സഹകരണ മേഖലയില്‍ ജനങ്ങള്‍ നിക്ഷേപിക്കുന്ന ഓരോ തുകയും ഭദ്രമായിരിക്കും. അത് സര്‍ക്കാര്‍ ഉറപ്പ് വരുത്തും. അതിനെതിരെ എത്ര ഉന്നതരായ ആളുകള്‍ ശ്രമിച്ചാലും അത് അനുവദിക്കാനാവില്ല. News
നോട്ടു നിരോധന കാലഘട്ടത്തില്‍ സഹകരണ ബാങ്കുകളെ സംരക്ഷിക്കാന്‍ സഹകാരികളോടൊപ്പം കേരളമന്ത്രിസഭ തന്നെ മുന്നോട്ടു വന്നു. കേരളത്തിലെ സഹകരണമേഖയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ജനങ്ങള്‍ പ്രതിജ്ഞയെടുത്തു. സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപം മാത്രമല്ല മറ്റു വിവിധ മേഖലയിലുള്ള സഹായം ജനങ്ങള്‍ക്ക് ലഭിക്കുന്നു. പ്രത്യേക കണ്ണോടെ സഹകരണ മേഖലയെ തകര്‍ക്കാമെന്ന ലക്ഷ്യത്തോടെ ചിലര്‍ ദുഷ്ടലാക്കോടെ രംഗത്ത് വരികയാണ്. സഹകരണ മേഖല വിശ്വാസ്യതയുടെ കേന്ദ്രമാണ്. എന്നാല്‍ ചില പുഴുക്കുത്തുകള്‍ ഉണ്ടെന്നത് വസ്തുതയാണ്. അഴിമതിയുടെ മാര്‍ഗം സ്വീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വാണിജ്യ ബാങ്കുകളിലും ഇത്തരം കുഴപ്പക്കാരുണ്ട് കേരളത്തെ പ്രേത്യേകം ലക്ഷ്യം വെച്ചു കൊണ്ട് സഹകരണ മേഖലയുടെ വളര്‍ച്ച തടയാന്‍ ഇല്ലാത്ത കാര്യങ്ങള്‍ ആരോപിച്ച് സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. അന്വേഷണം നടത്തി ജനങ്ങളില്‍ അവമതിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളീയരുടെ ദൈനംദിന ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ് സഹകരണ സ്ഥാപനങ്ങള്‍. മലയാളിയുടെ പൊതുജീവിതം പുരോഗമനപരമായി മുന്നോട്ടുനയിക്കാന്‍ ഉതകുന്ന എല്ലാവിധ ഇടപെടലുകളും നടത്താന്‍ സഹകരണമേഖലയ്ക്ക് ഇന്ന് കഴിയുന്നുണ്ട്. കാര്‍ഷിക വികസന പ്രക്രിയയില്‍, വ്യാവസായിക മുന്നേറ്റത്തില്‍, നിര്‍മ്മാണ മേഖലയില്‍, വിപണി ഇടപെടലുകളുടെ കാര്യത്തില്‍, ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതില്‍ എന്നുവേണ്ട സമൂഹത്തിന്റെ എല്ലാ മേഖലകളിലും നമ്മുടെ സഹകരണപ്രസ്ഥാനത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
അതുകൊണ്ടുതന്നെ സഹകരണമേഖലയ്ക്ക് എന്തെങ്കിലും കോട്ടമുണ്ടായാല്‍ അത് കേരളത്തിന്റെയാകെ പുരോഗതിയെ പിന്നോട്ടടിക്കും. ഇത് തിരിച്ചറിഞ്ഞാണ് നമ്മുടെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നത്. അവരാണ് ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ സഹകരണ മേഖലയെയാകെ താറടിച്ചു കാണിക്കുന്നത്. സുതാര്യവും നിയമാനുസൃതവുമായി പ്രവര്‍ത്തിക്കുന്ന സഹകരണ പ്രസ്ഥാനത്തെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാമെന്നാണ് ചിലര്‍ ധരിക്കുന്നത്. കേരളത്തിലെ പ്രാഥമിക വായ്പാ സംഘങ്ങള്‍. മികച്ച സഹകാരികളും, ശക്തമായ ഭരണസമിതിയും, കാര്യക്ഷമമായ ഉദ്യോഗസ്ഥവൃന്ദവുമാണ് ഓരോ സഹകരണ സംഘത്തിന്റെയും ശക്തി. രാഷ്ട്രീയ ലക്ഷ്യത്തോടെ ചില നിക്ഷിപ്ത താത്പര്യക്കാര്‍ നടത്തുന്ന കുപ്രചരണമാണ് ഇപ്പോള്‍ ചിലര്‍ ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന് നോട്ടു നിരോധനകാലത്ത് ചിലര്‍ ആരോപിച്ചിരുന്നു. എന്നാല്‍ അന്ന് ഒന്നും കണ്ടെത്തിയില്ല. സഹകരണ മേഖലയില്‍ എവിടെയെങ്കിലും ഒറ്റപ്പെട്ട നിലയിലാണെങ്കില്‍ പോലും ഏതെങ്കിലും തരത്തിലുള്ള അനഭിലഷണീയ പ്രവര്‍ത്തനങ്ങളുണ്ടെങ്കില്‍ അതിനെതിരെ കൃത്യമായ നടപടി സ്വീകരിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കേരളത്തിലെ സഹകരണ മേഖലയാകെ കുഴപ്പത്തിലാണെന്ന പ്രതീതി ജനിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത് സഹകരണ മേഖലയിലെ നിക്ഷേപകരിലും ഇടപാടുകാരിലും ഭീതി വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ശ്രമമാണെന്ന് നാം മനസ്സിലാക്കണം.
സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണ്. സഹകരണ ബാങ്കുകളിലെ ഒരു നിക്ഷേപവും ഒരു കാരണവശാലും നഷ്ടമാകില്ല. ഇത് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു വരുത്തും. മുഖ്യമന്ത്രി പറഞ്ഞു.
Comments