കൈകാലുകൾ നഷ്ടപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം: പ്രതി പിടിയിൽ. News
കൊല്ലം : ചാത്തന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഉളിയനാട് ചിറക്കര വില്ലേജ് ആഫീസിന് സമീപത്തുളള കനാല്‍ പുറമ്പോക്കില്‍ കൈ കാലുകള്‍ അറ്റ രീതിയില്‍ കണ്ട മൃതശരീരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. 19/08/2023 രാത്രി 8.45 നാണ്കൈ കാലുകള്‍ അറ്റ നിലയില്‍ 3 ദിവസം പഴക്കമുളള അഞ്ജാത മൃതശരീരം ചാത്തന്നൂര്‍ പോലീസ് പെട്രൊളിങ്ങ് സംഘം കണ്ടെത്തുന്നത്. തുടര്‍ന്ന് മൃതശരീരം പാരിപ്പളളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷം പ്രദേശ വാസികളിലും മറ്റും അന്വേഷണം നടത്തിയപ്പോഴാണ് ചിറക്കര ചരുവിള വീട്ടില്‍ സുകുമാരന്‍ മകന്‍ സുരേഷ്(41) എന്നയാളെ കാണാനില്ല എന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് സുരേഷിന്‍റെ ബന്ധുക്കളേയും അയല്‍വാസികളേയും മറ്റും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറില്‍ എത്തിച്ച് മൃതശരീരം കാണിച്ച് ആളെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ശരീരത്തില്‍ 8 ഓളം മുറിവുകള്‍ സംഭവിച്ചിട്ടുളളതായും നെഞ്ചില്‍ വലത് വാരിയെല്ല് ഭാഗത്ത് മൂര്‍ച്ചയുളള ആയുധം കൊണ്ട് ഏല്‍പിച്ച ആഴത്തിലുളള മുറിവാണ് മരണകാരണം എന്നും മനസ്സിലാക്കാന്‍ സാധിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 17/08/2023 രാവിലെ 8 മണിയോടെ ഇയാളെ ഉളിയനാട് ജംഗ്ഷനില്‍ കണ്ടതായും അതിന് ശേഷം ശ്രീമൂലം ഹോളോബ്രിക്സ് കട്ട കമ്പനിയില്‍ ജോലിക്ക് നിന്നിരുന്ന ബംഗാള്‍ സ്വദേശി റാംധനോടൊപ്പം കനാല്‍ പുറംമ്പോക്കിന്‍റെ ഭാഗത്തേക്ക് പോയതായും വിവരം ലഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിവരങ്ങള്‍ ശരിയാണെന്ന് ബോധ്യമാവുകയും കുറച്ച് സമയത്തിന് ശേഷം റാംധന്‍ ഒറ്റക്ക് മടങ്ങി പോകുന്നതായ ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്യ്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ 17/08/2023 മുതല്‍ റാംധന്‍ സ്ഥലം വിട്ട് പോയിട്ടുള്ളതായി വിവരം ലഭിച്ചു. തുടര്‍ന്ന് പ്രതിയുടേയും, ഭാര്യയുടേയും, മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതില്‍ പ്രതി കോട്ടയം മണിമല ഭാഗത്ത് ഉളളതായി മനസ്സിലാക്കി പ്രതിയെ മണിമല ഭാഗത്തുളള ഒരു ഹോളോബ്രിക്സ് കമ്പനിയില്‍ നിന്നും പിടികൂടി ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 17/08/2023 രാവിലെ 8.30 മണിയോടെ സുരേഷിനേയും കൂട്ടി മദ്യപിക്കുന്നതിനായി കനാല്‍ പുറംമ്പോക്ക് ഭാഗത്തേക്ക് പോയതായും അവിടെ വച്ച് രണ്ട് പേരും ചേര്‍ന്ന് മദ്യപിച്ച ശേഷം പ്രതിയായ റാംധന്‍ അവശേഷിച്ച മദ്യം കൈവശപ്പെടുത്തി സ്ഥലത്ത് നിന്നും പോകാന്‍ ശ്രമിച്ചത് സുരേഷ് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും റാംധന്‍ സുരേഷിനെ ബലമായി പിടിച്ച് തളളിയ ശേഷം കൈവശം ഉണ്ടായിരുന്ന മൂര്‍ച്ച ഉളള കത്തി കൊണ്ട് നെഞ്ചില്‍ 7 പ്രാവശ്യം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. നെഞ്ചിലേറ്റ ആഴത്തിലുളള മുറിവാണ് മരണകാരണമായി തീര്‍ന്നത്.
കൊല്ലം ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ന്‍റെ മേല്‍നോട്ടത്തില്‍ ചാത്തന്നൂര്‍ എ.സി.പി ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ വി. ശിവകുമാര്‍ എസ്സ്.ഐ മാരായ ആശ വി.രേഖ, ഷാജി, പ്രജീബ്, സി.പി.ഒ, മധു, പ്രശാന്ത്, കണ്ണന്‍, രതീഷ്, സെയ്ഫുദ്ദീന്‍, ശ്രീലത, ഹോംഗാഡ് സോമന്‍പിള്ള എന്നിവരടങ്ങുന്ന പോലീസ് സംഘം നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ ഇടയായിട്ടുള്ളത്.
Comments