അഭിമാന നിമിഷം : ചരിത്രം; ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ. India news



ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങി. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ദൗത്യങ്ങളുടെ നാഴികകല്ലായി മാറിയിരിക്കുകയാണ് ചന്ദ്രയാൻ 3. പൂര്‍ണമായും കംപ്യൂട്ടര്‍ സംവിധാനങ്ങളുടേയും സെന്‍സറുകളുടേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിന്റേയും സഹായത്തോടെയാണ് സോഫ്റ്റ് ലാൻഡ് ചെയ്തത്.
വിക്രം ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ വൈകീട്ട് 5.45-ന് ആരംഭിച്ചിരുന്നു . ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍.ഒ. ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കിയത്. വൈകീട്ട് 6.04-ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമായിമാറി ഇന്ത്യ. ഒപ്പം, ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യവുമായി.
ബുധനാഴ്ച വൈകുന്നേരം 6.04-ഓടെയായിരുന്നു ലോകം കാത്തിരുന്ന ആ ലാൻഡിംഗ്. അതിസങ്കീർണമായ കടമ്പകൾ കടന്നാണ് പേടകം ചന്ദ്രനിൽ സ്പർശിച്ചത്. സങ്കീർണമായ നാല് ഘട്ടങ്ങൾക്ക് ശേഷമാണ് ലാൻഡിംഗ് സാധ്യമാക്കിയത്. വിക്രം ലാൻഡർ ഇറങ്ങി നാലു മണിക്കൂറിനു ശേഷമായിരിക്കും പ്രഗ്യാൻ റോവർ ചന്ദ്രനെ തൊടുക.അവസാന നിമിഷം പാളിപ്പോയ ചന്ദ്രയാൻ രണ്ടിന്റെ തോൽവിയിൽ നിന്നുൾകൊണ്ട പാഠങ്ങൾ കരുത്താക്കിയാണ് മൂന്നാം ദൗത്യം ചന്ദ്രയാൻ 3 ഐഎസ്ആർഒ നടത്തിയത്.
ചന്ദ്രോപരിതലത്തിൽ പ്രതീക്ഷിച്ച പോലെ ഇറങ്ങാൻ പറ്റാതെ പോയ ലാൻഡറിന്റെ കരുത്തു കൂട്ടുക എന്നതായിരുന്നു ആദ്യ കടമ്പ. വിക്രം ലാൻഡറിന്റെ കാലുകൾക്ക് ബലം കൂട്ടി, കൂടുതൽ സെൻസറുകൾ ഘടിപ്പിച്ച് , ചന്ദ്രോപരിതലത്തിലെ ലാൻഡിങ് ഏരിയയുടെ പരിധിക്കൂട്ടി അതിനു പരിഹാരം കണ്ടു. ശ്രീഹരിക്കോട്ടയിൽ കൃത്രിമ ചാന്ദ്ര ഉപരിതലം ഉണ്ടാക്കി, പേടകത്തിന്റെ മാതൃക ഉയരത്തിൽ നിന്ന് താഴേക്കിട്ട് പരീക്ഷണങ്ങളിൽ വിജയം ഉറപ്പിച്ചു.
ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് 140 കോടി ജനങ്ങളുടെ പ്രതീക്ഷയും പേറി, ഇന്ത്യൻ ബഹിരാകാശ രംഗത്തെ കരുത്തൻ എൽ വി എം ത്രീ മാർക്ക് 4 ചന്ദ്രയാൻ പേടകവുമായി കുതിച്ചുയർന്നു. ഭൂമിയുടെ 172 കിലോമീറ്റർ ഭ്രമണപാതയിൽ എത്തിയ പേടകം അഞ്ചുതവണ ഭൂമിയെ വലം ചെയ്ത് ഭൂഭ്രമണപഥം വികസിപ്പിച്ചു. ആറാംതവണ ഭൂമിക്ക അരികിൽ എത്തിയപ്പോൾ, പിന്നെ ചന്ദ്രന് ലക്ഷ്യമാക്കിയുള്ള യാത്ര ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ, ഓഗസ്റ്റ് അഞ്ചിന് ചാന്ദ്ര ഭ്രമണ വലയത്തിൽ പേടകം പ്രവേശിച്ചു.
അഞ്ചുതവണ ചന്ദ്രനെയും വലംവച്ച പേടകം ഭ്രമണപഥം താഴ്ത്തിക്കൊണ്ടുവന്ന്, 25 കിലോമീറ്റർ അരികെ എത്തി, ലാൻഡർ മോഡ്യൂളിനെ അതുവരെ എത്തിച്ച പ്രൊപ്പാൽഷൻ മോഡ്യൂൾ ലാൻഡറിന് വേർപെടുത്തി ചന്ദ്രനെ വലയം ചെയ്യാൻ തുടങ്ങി, ലാൻഡർ ചന്ദ്രനിൽ ഇറങ്ങാൻ വീണ്ടും യാത്ര തുടരുകയായിരുന്നു.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023