കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസറും, വില്ലേജ് അസിസ്റ്റന്റും വിജിലൻസ് പിടിയിലായി. Crime
കാസർക്കോട്ജില്ലയിലെ ചിത്താരി വില്ലേജ് ഓഫീസർ അരുൺ.സി 2000/- രൂപയും വില്ലേജ് അസിസ്റ്റന്റു് സുധാകരൻ.കെ.വി 1,000/- രൂപയും കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായി. കാസർകോഡ് ജില്ലയിലെ ചിത്താരി സ്വദേശിയായ പരാതിക്കാരന്റെ സഹോദരി കെട്ടിലങ്ങാട് എന്ന സ്ഥലത്ത് 17.5 സെന്റ് ഭൂമി വാങ്ങുന്നതിലേയ്ക്ക് കരാർ എഴുതിയിട്ടുള്ളതും സ്ഥലം ഉടമ മരണപ്പെട്ട് പോയിട്ടുള്ളതിനാൽ അയാളുടെ ഭാര്യയുടെ പേരിലേയ്ക്ക് വസ്തു മാറ്റിയ ശേഷമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് അറിയിച്ചതിനെ തുടർന്ന് പ്രസ്തുത ഭൂമിയുടെ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനായി രണ്ട് മാസം മുമ്പ് അപേക്ഷ സമർപ്പിച്ചിട്ടുണ്ടായിരുന്നു. തുടർന്ന് പ്രസ്തുത അപേക്ഷയുടെ സ്ഥിതിയെന്താണെന്ന് കഴിഞ്ഞ ദിവസം അന്വേഷിച്ചപ്പോൾ വില്ലേജ് ഓഫീസറായ അരുൺ.സി 2000/- രൂപയും വില്ലേജ് അസിസ്റ്റന്റ് സുധാകരൻ.കെ.വി 1000/- രൂപയും കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ ഈ വിവരം കാസർഗോഡ് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശ്വംഭരൻനായർ. വി.കെ. യെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങുമ്പോൾ കാസർഗോഡ് വിജിലൻസ് ഇരുവരേയും കയ്യോടെ പിടികൂടിയാണുണ്ടായത്. അറസ്റ്റ് ചെയ്തു പ്രതികളെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ കൂടാതെ ഇൻസ്പെക്ടർ സുനുമോൻ.കെ, സബ്-ഇൻസ്പെക്ടർമാരായ ഈശ്വരൻ നമ്പൂതിരി, രാധാകൃഷ്ണൻ. കെ, മധു സൂദനൻ. വി. എം, സതീശൻ. പി. വി, അസി. സബ് ഇൻസ്പെക്ടർമാരായ സുഭാഷ് ചന്ദ്രൻ. വി. ടി, പ്രിയ. കെ. നായർ, സീനീയർ സിവിൽ പോലീസ് ഓഫീസർമാരായ രാജീവൻ. വി, സന്തോഷ്. പി. വി, പ്രദീപ്. കെ. പി, പ്രദീപ് കുമാർ. വി. എം, ബിജു. കെ. ബി, പ്രമോദ് കുമാർ. കെ, ഷീബ. കെ. വി എന്നിവരുമുണ്ടായിരുന്നു.
Comments