ഓഗസ്റ്റ് ഒന്നിനും രണ്ടിനും ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ്; സംസ്ഥാന വ്യാപക ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിശോധന, നിരവധി കച്ചവട സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിനു പകരം രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് പരിശോധനകൾ കർശനമാക്കിയിട്ടുള്ളത്. News




ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നിനും രണ്ടിനും സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്‌കോസ് (FOSCOS) ലൈസൻസ് ഡ്രൈവ് 2023 എന്ന പേരിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധനകൾ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുഴുവൻ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിധിയിൽ കൊണ്ടുവരികയാണ് ലക്ഷ്യം. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ എല്ലാവരുടേയും സഹകരണം ആവശ്യമാണ്. മുഴുവൻ ഭക്ഷ്യ സ്ഥാപനങ്ങളും അവരുടെ വരുമാന പരിധിയനുസരിച്ച് രജിസ്ട്രേഷനോ ലൈസൻസോ ഉറപ്പ് വരുത്തേണ്ടതാണ്. ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാതെ ഭക്ഷ്യസംരംഭങ്ങൾ നടത്തുന്നവർക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും എഫ്.എസ്.എസ്.എ.ഐ. ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കേണ്ടതാണ്. സ്വന്തമായി ഭക്ഷണം നിർമ്മിച്ച് വിൽപന നടത്തുന്നവർ, പെറ്റി റീടെയ്ലർ, തെരുവ് കച്ചവടക്കാർ, ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവർ, താല്കാലിക കച്ചവടക്കാർ എന്നിവർക്കു മാത്രമാണ് രജിസ്ട്രേഷൻ അനുമതിയോടെ പ്രവർത്തിക്കാവുന്നത്. ജീവനക്കാരെ ഉൾപ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസൻസ് എടുക്കേണ്ടതാണ്. എന്നാൽ നിരവധി കച്ചവട സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിനു പകരം രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് പരിശോധനകൾ കർശനമാക്കിയിട്ടുള്ളത്. ലൈസൻസിന് പകരം രജിസ്ട്രേഷൻ മാത്രമെടുത്ത് പ്രവർത്തിക്കുന്നവരെ ലൈസൻസ് ഇല്ലാത്തവരായി പരിഗണിച്ച് നടപടി സ്വീകരിക്കുന്നതാണ്. ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതോ ഭക്ഷ്യസുരക്ഷ ലൈസൻസ് പരിധിയിൽ വന്നിട്ടും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനിൽ പ്രവർത്തിക്കുന്നതോ ആയ സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടച്ചുപൂട്ടൽ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. ആഗസ്റ്റ് ഒന്നാം തീയതിക്ക് ശേഷം ലൈസൻസ് ഇല്ലാത്ത ഭക്ഷ്യസംരംഭ സ്ഥാപനങ്ങൾ യാതൊരു കാരണവശാലും പ്രവർത്തിക്കാൻ പാടുള്ളതല്ല. ലൈസൻസ് ലഭിക്കുന്നതിനായി foscos.fssai.gov.in എന്ന പോർട്ടലിലൂടെ അപേക്ഷിക്കാവുന്നതാണ്. സാധാരണ ലൈസൻസുകൾക്ക് 2,000 രൂപയാണ് ഒരു വർഷത്തേക്കുള്ള ഫീസ്. ഓഗസ്റ്റ് ഒന്നിനുശേഷം ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം ലൈസൻസ് നേടുന്നതുവരെ നിർത്തിവയ്പ്പിക്കുന്നതും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നവർക്കെതിരെ നിയമപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതുമാണ്.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023