നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി.news
കോഴിക്കോട് : നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. കോഴിക്കോട് സിറ്റി പന്നിയങ്കര പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനായ ചെന്നലേരി പറമ്പ് വീട്ടിൽ സലിം.സി.പി (45) നെയാണ് 2007 ലെ കേരളാ സാമുഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (കാപ്പ) പ്രകാരം ഒരു വര്‍ഷക്കാലത്തേക്ക് കോഴിക്കോട് സിറ്റി പോലീസ് ജില്ലയിൽ നിന്നും നാടുകടത്തി. സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ച കഞ്ചാവും മയക്കുമരുന്നുകളും അനധികൃതമായി കൈവശം വെച്ച് അമിത ആദായത്തിന് വില്‍പ്പന നടത്തുക, ഉപയോഗിക്കുക, കൂടാതെ കൂട്ടാളികളോടൊത്ത് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച് സ്ത്രീകളുടെ കഴുത്തിലും മറ്റും ധരിച്ച വിലപിടിപ്പുള്ള ആഭരണങ്ങള്‍ പിടിച്ചപറിക്കുക, വീടുകളില്‍ അതിക്രമിച്ചുകയറി സ്ത്രീകളുള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുക, അപകടപ്പെടുത്തുക, മുതലുകള്‍ നശിപ്പിക്കുക സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുക കളവ് നടത്തുക എന്നിങ്ങനെയുള്ള ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് കസബ, ചെമ്മങ്ങാട്, പന്നിയങ്കര, മഞ്ചേരി, പൊന്നാനി എന്നീ പോലീസ് സ്റ്റേഷനുകളിലും ബത്തേരി, ഫറോക്ക് എന്നീ എക്സ് സ്റ്റേഷനുകളിലും മൊത്തം 13 കേസുകളില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. ഇതില്‍ ഫറോക്ക് എക്സൈസ് റേഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സലീമിനെ ശിക്ഷിച്ചിട്ടുള്ളതും മറ്റ് 12 കേസുകളില്‍ വിചാരണ നേരിട്ടുവരികയുമാണ്. മേല്‍ കേസുകളുടെ അടിസ്ഥാനത്തില്‍ ഇയാളെ കാപ്പാ നിയമപ്രകാരം അറിയപ്പെടുന്ന ഗുണ്ടയായി പ്രഖ്യാപിച്ചാണ് ഒരു വര്‍ഷ കാലയളവിലേക്ക് നാടുകടത്തിയത്. കോഴിക്കോട് സിറ്റി ലോ ആന്റ് ഓര്‍ഡര്‍, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍. കെ. ഇ. ബൈജു ഐ.പി.എസ്. സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ & കമ്മീഷണര്‍ ഓഫ് പോലീസ്. രാജ്പാല്‍ മീണ ഐ.പി.എസ്. ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവന്നിരുന്ന ആളുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടര്‍ന്നും സ്വികരിക്കുന്നതാണെന്നും ഇതിനായി നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകളുടെ പ്രത്യേക പട്ടിക തയ്യാറാക്കി നിരീക്ഷിക്കുന്നതിനായി സ്പെഷ്യൽ ബ്രാഞ്ച് എ.സി.പിക്കും സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതുമാണ്.
Comments