'ഓപ്പറേഷൻ സ്റ്റെപ്പിനി': ഡ്രൈവിംഗ് പരിശീലനം കാര്യക്ഷമമാക്കാൻ വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന. News
'ഓപ്പറേഷൻ സ്റ്റെപ്പിനി': ഡ്രൈവിംഗ് പരിശീലനം കാര്യക്ഷമമാക്കാൻ വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന. സംസ്ഥാനത്ത് താരതമ്യേന വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ കാരണങ്ങളിൽ ഡ്രൈവർമാർക്ക് ലഭിക്കുന്ന പരിശീലനത്തിന്റെ ഗുണമേന്മക്കുറവും ഒരു കാരണമാണെന്നും, ഇതിന് പ്രധാന കാരണം പരിശീലനം നല്ല രീതിയിൽ പൂർത്തിയാക്കാത്തവരെയും, മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയും, ഡ്രൈവിംഗ് സ്കൂൾ കാർ വഴി സ്വാധീനിച്ചും ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാക്കുന്നത് കൊണ്ടാണെന്നും വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റെ കീഴിലെ തെരഞ്ഞെടുത്ത ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളും, തെരഞ്ഞെടുത്ത ഡ്രൈവിംഗ് സ്കൂളുകളും കേന്ദ്രീകരിച്ച് ഇന്ന് (25/07/2023) രാവിലെ 09:30 മണി മുതൽ ഒരേ സമയം മിന്നൽ പരിശോധന നടത്തുന്നത്.
മോട്ടോർ വാഹന വകുപ്പ് നിഷ്കർഷിക്കുന്ന പ്രകാരമല്ല സംസ്ഥാനത്തെ ചില ഡ്രൈവിംഗ് സ്കൂളുകാർ പരിശീലനം നൽകുന്നതെന്നും, ഈ വീഴ്ചകൾ ചില മോട്ടോർ വാഹന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി കണ്ടില്ലെന്ന് നടിക്കുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. ചില ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ലൈസെൻസ് ലഭിക്കുന്നതിന് വേണ്ടി യോഗ്യതയുള്ള ഒരു ഇൻസ്ട്രക്ടറെ പരിശീലകരായി കാണിച്ച് ലൈസൻസ് നേടിയെടുത്ത ശേഷം ഈ പരിശീലകൻ ഡ്രൈവിംഗ് സ്കൂളുകളിൽ ഹാജരാകാതെയും പഠിതാക്കൾക്ക് ക്ലാസ്സുകൾ എടുക്കാതെയും ഇരിക്കുന്നതായും മോട്ടോർ വാഹന നിയമ പ്രകാരമുള്ള സിലബസ്സ് പല ഡ്രൈവിംഗ് സ്കൂളുകളിലും പഠിപ്പിക്കുന്നില്ല എന്നും, ചില ഡ്രൈവിംഗ് സ്കൂളുകളിൽ ക്ലാസ് എടുക്കാനുള്ള സൗകര്യങ്ങൾ പോലും ഇല്ല എന്നും, ചില ഡ്രൈവിംഗ് സ്കൂളുകാർ ഡ്രൈവിംഗ് പരിശീലനത്തിനായി അംഗീകാരം നേടിയെടുത്ത റൂട്ടുകൾ മാറ്റി പകരം തിരക്കേറിയ റോഡുകളിലൂടെയും മറ്റുും പരിശീലനം നൽകുന്നതായും, ചില ഡ്രൈവിംഗ് സ്കൂളുകാർ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനുള്ള ഒരു ലൈസൻസ് വാങ്ങിയ ശേഷം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ വിവിധ ബ്രാഞ്ചുകൾ ആരംഭിച്ച് പ്രവർത്തിച്ചു വരുന്നതായും, ചില ഡ്രൈവിംഗ് സ്കൂളുകാർ പരിശീലനം നൽകുന്ന വാഹനങ്ങളിൽ നിയമപ്രകാരം നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഡ്യുവൽ കൺട്രോൾ സിസ്റ്റം ഇല്ലാത്ത വാഹനങ്ങളാണ് പരിശീലനം നൽകിവരുന്നതെന്നും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.
ചില മോട്ടോർ വാഹന വകുപ്പ് ഉദ്ദ്യോഗസ്ഥർ ഗ്രൗണ്ട് ടെസ്റ്റ് നടത്തുന്ന വേളയിൽ വീഡിയോ റെക്കോർഡ് ചെയ്യ്ത് സൂക്ഷിക്കണമെന്ന ഉത്തരവ് കാറ്റിൽ പറത്തി ഗ്രൗണ്ടുകളിൽ ഉറപ്പിച്ച ക്യാമറകൾ പ്രവർത്തിക്കാതിരുന്നാൽ അവ നന്നാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാതിരിക്കുന്നതായും, ഇപ്രകാരം ക്യാമറ പ്രവർത്തിക്കാതെ തന്നെ ഡ്രൈവിംഗ് ടെസ്റ്റുുകൾ നടത്തി, ടെസ്റ്റിൽ പരാജയപ്പെട്ടവരെയും കൈക്കൂലി വാങ്ങി ജയിപ്പിച്ച് വിടുന്നതായും രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനങ്ങൾ ജോയിന്റ് ആർ. റ്റി. ഒ. മാർ തങ്ങളുടെ അധികാര പരിധിയിലെ ഡ്രൈവിംഗ് സ്കൂളുകൾ പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ് നിഷ്കർഷിക്കുന്ന പ്രകാരമുള്ള പരിശീലനം പഠിതാക്കൾക്ക് നൽകുന്നു എന്ന് ഉറപ്പുവരുത്തേണ്ടതും, പരിശോധിക്കുന്ന വിവരങ്ങൾ ഡ്രൈവിംഗ് സ്കൂളുകളിൽ സൂക്ഷിച്ചിട്ടുള്ള ഡ്രൈവിംഗ് സ്കൂൾ ഇൻസ്പെക്ഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണെന്നും ഈ പരിശോധനാ റിപ്പോർട്ട് മേലെധികാരികൾക്ക് അയച്ചുകൊടുക്കണമെന്ന ഉത്തരവും സംസ്ഥാനത്ത് ഒട്ടുമിക്ക ആർ. റ്റി. ഒ. മാർ, ജോയിന്റ് ആർ. റ്റി. ഒ. മാർ പാലിക്കുന്നില്ല എന്നും രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.
മേൽ പറഞ്ഞ അപാകതകൾ പരിശോധിക്കുന്നതിനായിട്ടാണ് “ഓപ്പറേഷൻ സ്റ്റെപ്പിനി” എന്ന പേരിൽ സംസ്ഥാനത്ത് തിരഞ്ഞെടുത്ത മോട്ടോർ വാഹന വകുപ്പിന്റെ 60 ഗ്രൗണ്ടുകളിലും തെരഞ്ഞെടുത്ത 170 ൽ പരം ഡ്രൈവിംഗ് സ്കൂളുകളിലും ഇന്ന് (25/07/2023) രാവിലെ 09:30 മണി മുതൽ വിജിലൻസ് ഒരേ സമയം മിന്നൽ പരിശോധന നടത്തുന്നത്.
Comments