പാലങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കുന്ന പൈലറ്റ് പദ്ധതി ഓഗസ്റ്റിൽ ആരംഭിക്കും; മന്ത്രി മുഹമ്മദ് റിയാസ്. News
പാലങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ സംയുക്ത പദ്ധതിയുടെ ഭാഗമായാണ് നടപ്പിലാക്കുന്നത്. പാലങ്ങൾ ദീപാലംകൃതമാക്കി മാറ്റുകയും നദികൾക്ക് കുറുകെയല്ലാത്ത ഓവർ ബ്രിഡ്ജുകളുടെ താഴത്തെ ഭാഗം പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകും വിധം മികച്ച രീതിയിൽ പരിവർത്തനം ചെയ്യുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തെ ഓവർ ബ്രിഡ്ജും കൊല്ലം എസ്.എൻ കോളേജിന് സമീപത്തെ റെയിൽവേ ഓവർ ബ്രിഡ്ജുമാണ് പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീ സൗഹൃദവും വയോജന സൗഹൃദവും ഭിന്നശേഷി സൗഹൃദവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊല്ലത്തെ റെയിൽവേ ഓവർ ബ്രിഡ്ജിന് താഴത്തെ ഭാഗത്ത് ബാഡ്മിന്റൺ കോർട്ട്, സ്കേറ്റിംഗ് പ്ലേസ്, ചെസ്സ് പ്ലോട്ട്, നടക്കാനുള്ള സൗകര്യം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ആവിഷ്കരിക്കുന്നത്. പദ്ധതിയുടെ അന്തിമ രൂപമായെന്നും ഓഗസ്റ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള ഓവർ ബ്രിഡ്ജിന് താഴെ ഓപ്പൺ ജിം, ബാസ്ക്കറ്റ് ബോൾ കോർട്ട്, ഫുട്ബോൾ ടർഫ് ഗ്രൗണ്ട് എന്നിവയാണ് സജ്ജീകരിക്കുന്നത്. കേരളത്തിൽ ഇത്തരത്തിൽ ഉപയോഗപ്രദമാക്കാവുന്ന ഓവർ ബ്രിഡ്ജുകളുടെ പട്ടിക ശേഖരിച്ചു വരികയാണ്. 2024ൽ കേരളത്തിൽ ഉടനീളം പദ്ധതി വ്യാപിപ്പിക്കുമെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ഫാറൂഖ് പഴയപാലവും ആലുവ മണപ്പുറത്തെ ഫുട്ഓവർ ബ്രിഡ്ജുമാണ് ദീപാലംകൃതമാക്കുന്നതിനായി ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്. ഓഗസ്റ്റ് അവസാനത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കും. പദ്ധതിരേഖ തയ്യാറാക്കൽ പുരോഗമിക്കുകയാണ്. ഈ രണ്ടു പദ്ധതികളും പൊതുമരാമത്ത് വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് നടപ്പിലാക്കുന്നതെന്നും കേരളത്തെ ഒരു ടൂറിസ്റ്റ് സംസ്ഥാനമാക്കി മാറ്റുന്നതിന് ഈ പദ്ധതികൾ കരുത്ത് പകരുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ജില്ലയിലെ റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബി.എം.ബി.സി റോഡ് നിർമ്മാണം വർദ്ധിപ്പിക്കാൻ നിശ്ചയിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിലെ 50 ശതമാനത്തിലധികം റോഡുകളും ബി.എം.ബി.സി നിർമ്മാണത്തിൽ ഉള്ളതാണ്. 2021 നവംബർ 1 മുതൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്റ് ഹൗസുകൾ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തിയത് വൻ വിജയമായിരുന്നെന്നും എറണാകുളം ജില്ലയിൽ മാത്രം 16 റസ്റ്റ് ഹൗസുകളിലായി ഓൺലൈൻ ബുക്കിങ്ങിലൂടെ 1,11,36,649 രൂപ അധികമായി ലഭിച്ചു. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ഫോർട്ട് കൊച്ചിയിലെ വിവിധ പ്രവർത്തനങ്ങൾക്കായി 1 കോടി 45 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments