കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് ആലുവയിൽ നടന്നത് : സ്പീക്കർ ഷംസീർ; ചാന്ദ്നിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി മന്ത്രിമാർ. News sad
അഞ്ചുവയസുകാരി ചാന്ദ്നിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി മന്ത്രിമാർ. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് ആലുവയിൽ നടന്നതെന്ന് കേരള നിയമസഭാ സ്പീക്കർ ഷംസീർ. അഞ്ചുവയസ്സുകാരി ചാന്ദ്നി കൊല്ലപ്പെട്ടു എന്നത് ഏറെ വേദനാജനകമാണ്.
ഇന്നലെ മുതൽ കേരളമാകെ പ്രതീക്ഷയോടെ ഈ കുരുന്നിനെ കാത്തിരിക്കുകയായിരുന്നു.
പക്ഷെ... ഫലം നിരാശ ചാന്ദ്നിയുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും
ദുഖത്തിൽ പങ്കു ചേരുന്നുവെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. അതിദാരുണമായ ഒരു സംഭവമാണ് നടന്നിരിക്കുന്നതെന്നും എല്ലാവരെയും വല്ലാതെ വേദനിപ്പിക്കുന്നതാണ് അഞ്ച് വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
പരാതി ലഭിച്ച് രണ്ടര മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ സാധിച്ചപ്പോൾ കുട്ടിയെ കണ്ടെത്താമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ആ സമയത്ത് ലഹരിയിലായിരുന്ന പ്രതിയിൽ നിന്ന് ചോദ്യങ്ങളിലൂടെ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്ന സ്ഥിതിയായിരുന്നില്ല. എങ്കിലും സിസിടിവി ഉൾപ്പെടെയുള്ള വഴിക്ക് അന്വേഷണം നടത്തിയിരുന്നു. പക്ഷേ ദാരുണമായ ഈ സംഭവം നടക്കുകയായിരുന്നു. മന്ത്രി പറഞ്ഞു. വിശദമായ അന്വേഷണത്തിലൂടെ ഇതിന് പിന്നിലെ കാരണം കണ്ടെത്താനാണ് പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത്. എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷണത്തിൽ പരിശോധിക്കുന്നതാണ്. മന്ത്രി പറഞ്ഞു. അത്യന്തം വേദനാജനകമായ വാർത്തയെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. എല്ലാവരെയും പോലെ കുഞ്ഞിനെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നും പ്രതിക്ക് നിയമത്തിന്റെ എല്ലാ ശക്തിയുമുപയോഗിച്ച് അർഹിക്കുന്ന ശിക്ഷ തന്നെ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. വളരെ വേദനിപ്പിക്കുന്ന സംഭവമാണെന്നും കുറ്റകൃത്യത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വീണാ ജോർജും അതീവ ദുഃഖകരമെന്ന് മന്ത്രി വി ശിവൻകുട്ടിയും പറഞ്ഞു.
Comments