റാലിക്കിടെ മുദ്രാവാക്യം വിളിച്ച സംഭവം. നടപടികൾ കർശനമാക്കി കാസർക്കോട് പോലീസ്; സോഷ്യൽ മീഡിയ വഴി വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ആളുകളെ കണ്ടെത്താൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി, ഗ്രൂപുകളിൽ ഇത്തരം മെസ്സേജുകൾ പ്രചരിക്കുന്നത് കണ്ടാൽ ഗ്രൂപ്പ് അഡ്മിൻമാരെ പ്രതി ചേർക്കും, ഇന്ന് മുതൽ രാത്രി കാലങ്ങളിൽ കർശന വാഹന പരിശോധനയും നടക്കും. Kasargode police
കാസർക്കോട് : കാഞ്ഞങ്ങാട് നടന്ന റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ കാസർക്കോട് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ.പി.എസ്ന്റെ നേതൃത്വത്തിൽ കർശന നടപടികൾ സ്വീകരിച്ചു വരികയാണ്. ഈ സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ഉടൻ തന്നെ ജാമ്യം ഇല്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയും മുദ്രാവാക്യം വിളിച്ച ആൾ ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കല്ലൂരാവി ചിറമ്മൽ ഹൗസിൽ അബ്ദുൽ സലാം (20), കല്ലൂരാവി കല്ലൂരാവി ഹൗസിൽ ഷെരിഫ് (38), കാലിച്ചാനടുക്കാം അൻവർ മൻസ്സിലിൽ ആഷിർ (25), പടന്നക്കാട് കാരക്കുണ്ട് ഷംല മൻസിലിൽ പി മുഹമ്മദ് കുഞ്ഞ് (55), ഇഖ്ബാൽ റോഡിൽ അയൂബ് പി.എച് (45) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ കെ പി ഷൈൻ, എസ്.ഐ രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കാസർക്കോട് ജില്ലയിൽ ഉടനീളം പോലീസ് കർശനമായ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ആളുകളെ കണ്ടെത്താൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. വർഗീയചുവ ഉള്ള മെസ്സേജുകൾ പ്രചരിപ്പിക്കുന്ന ആളുകൾ ക്കെതിരെ ജാമ്യം ഇല്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കും. ഗ്രൂപുകളിൽ ഇത്തരം മെസ്സേജുകൾ പ്രചരിക്കുന്നത് കണ്ടാൽ ഗ്രൂപ്പ് അഡ്മിൻ മാരെ പ്രതി ചേർക്കും.ഇന്ന് മുതൽ രാത്രി കാലങ്ങളിൽ കർശന വാഹന പരിശോധന ഉണ്ടാവും. അനാവശ്യമായി കറങ്ങി നടക്കുന്നവരെ മുൻകരുതൽ ആയി അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. സോഷ്യൽ മീഡിയ വഴി വർഗീയ വിദ്വേഷം ഉളവാക്കുന്ന സന്ദേശം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കാസർക്കോട് സൈബർ പോലീസ് സ്റ്റേഷനിൽ ഇന്ന് ഒരു കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ അന്വേഷിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നിരീക്ഷണം നടത്തി അടുത്ത ദിവസം പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
Comments