പ്ലസ് വൺ: 97 അധിക ബാച്ചുകൾ അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി; 57 എണ്ണം സർക്കാർ സ്‌കൂളുകളിലും 40 എണ്ണം എയിഡഡ് സ്‌കൂളിലുമാണ് അനുവദിച്ചിട്ടുള്ളത്. News



പ്ലസ് വൺ പ്രവേശനത്തിന് 97 അധിക ബാച്ചുകളിൽ നിന്ന് 5820 അധിക സീറ്റുകൾ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പുതുതായി അനുവദിച്ച 97 ബാച്ചുകളിൽ 57 എണ്ണം സർക്കാർ സ്‌കൂളുകളിലും 40 എണ്ണം എയിഡഡ് സ്‌കൂളിലുമാണ് അനുവദിച്ചിട്ടുള്ളത്.

ഇതിലൂടെ സർക്കാർ സ്‌കൂളുകളിൽ 3420 ഉം എയ്ഡഡ് സ്‌കൂളുകളിൽ 2400ഉം സീറ്റുകൾ അധികമായി ലഭിക്കും. ജില്ലാ/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറും നടത്തി ഹയർസെക്കണ്ടറി പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് 4 ബാച്ചുകളിൽ 240 സീറ്റുകൾ, കോഴിക്കോട് 11 ബാച്ചുകളിൽ നിന്നായി 660 സീറ്റുകൾ, മലപ്പുറം 53 ബാച്ചുകളിൽ നിന്നായി 3180 സീറ്റുകൾ, വയനാട് 4 ബാച്ചുകളിൽ നിന്നായി 240 സീറ്റുകൾ, കണ്ണൂർ 10 ബാച്ചുകളിൽ നിന്നായി 600 സീറ്റുകൾ, കാസറഗോഡ് 15 ബാച്ചുകളിൽ നിന്നായി 900 സീറ്റുകൾ എന്നിങ്ങനെ അധികമായുണ്ടാകും.

2021-2022 അധ്യയന വർഷത്തിൽ അനുവദിച്ച 81 ബാച്ചുകൾ ഈ വർഷവും തുടരും. ഇതിനു പുറമേ ആദിവാസി ഗോത്ര വർഗ വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കത്തക്ക വിധം രണ്ട് മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളായ നല്ലൂർനാട് ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, കൽപ്പറ്റ ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ ഹ്യുമാനിറ്റീസ് ബാച്ചുകൾ അനുവദിച്ചിട്ടുള്ളത് ഈ വർഷവും തുടരും. ഈ വർഷം ആദ്യം വിവിധ ജില്ലകളിൽ നിന്നും 14 ബാച്ചുകൾ മലപ്പുറം ജില്ലയിലേയ്ക്കും ഷിഫ്റ്റ് ചെയ്തിട്ടുണ്ട്.

ഇതുവരെയുള്ള മാർജിനൽ സീറ്റ് വർദ്ധനവ് അധിക താൽക്കാലിക ബാച്ചുകൾ എന്നിവയിലൂടെ സർക്കാർ സ്‌കൂളുകളിൽ 37655 സീറ്റുകളുടെയും എയിഡഡ് സ്‌കൂളുകളിൽ 28755 സീറ്റുകളുടെയും വർദ്ധനവാണ് ഉണ്ടാകുന്നത്. ആകെ വർദ്ധനവ് 66410 സീറ്റുകൾ.

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് അഡ്മിഷനു ശേഷമുള്ള മെറിറ്റ് ക്വാട്ടയിലെ ഒഴിവ്, എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്മെന്റ് ക്വാട്ടയിൽ ജൂലൈ 26 ന് വൈകിട്ട് 5 മണിവരെയുള്ള പ്രവേശനത്തിനു ശേഷമുള്ള ഒഴിവുകൾ എന്നിവയോടൊപ്പം താൽക്കാലികമായി സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ അനുവദിക്കുന്ന 97 ബാച്ചുകളുടെ സീറ്റുകളും കൂടി ഉൾപ്പെടുത്തി ജൂലൈ 29 ന് ജില്ലയ്ക്കകത്തുള്ള സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷകൾ ക്ഷണിക്കും. എല്ലാ പ്രദേശത്തും സീറ്റുകളുടെയും ബാച്ചുകളുടെയും സന്തുലനാവസ്ഥ നിലനിർത്തുക എന്നതാണ് ഗവൺമെന്റിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023